മടവൂര്‍: രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങളും കാലുമാറ്റങ്ങളും കക്ഷികള്‍ക്കുള്ളിലെ പോരുകളുമെല്ലാം എല്ലാ തീവ്രതയോടുംകൂടി നിറയുന്നിടങ്ങളിലൊന്നാണ് മടവൂര്‍ പഞ്ചായത്ത്. ഇരുമുന്നണികളും ബി.ജെ.പി.യും ഇവിടെ ശക്തരാണ്. തിരഞ്ഞെടുപ്പില്‍ ജനമനസ്സ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയാനാവില്ലെന്നതാണ് കഴിഞ്ഞകാലങ്ങളിലെ ഇവിടത്തെ ഫലങ്ങളില്‍നിന്നു മനസ്സിലാവുന്നത്. ഇടതിനെയും വലതിനെയും അധികാരത്തില്‍ പരീക്ഷിച്ചപ്പോള്‍ ബി.ജെ.പി.ക്കും ശുഭപ്രതീക്ഷ നല്കാന്‍ മടവൂരിന്റെ മനസ്സ് ശ്രമിച്ചിട്ടുണ്ടെന്ന് കാണാം.

ആകെ 15 വാര്‍ഡുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്06, യു.ഡി.എഫ്. സ്വതന്ത്രന്‍01, സി.പി.എം.02, സി.പി.ഐ.02, സി.പി.എം. റിബല്‍01, ബി.ജെ.പി.03 എന്നിങ്ങനെയായിരുന്നു വിധിയെഴുത്ത്. കോണ്‍ഗ്രസിനുള്ളിലെ കലാപങ്ങളെത്തുടര്‍ന്ന് ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. സി.പി.ഐ.യിലെ ഗിരിജാബാലചന്ദ്രന്‍ പ്രസിഡന്റായി. യു.ഡി.എഫ്. സ്വതന്ത്രനും സി.പി.എം. റിബലും എല്‍.ഡി.എഫിനെ പിന്തുണച്ചതോടെ സീറ്റുനില തുല്യമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ബി.ജെ.പി. വിട്ടുനിന്നു. നറുക്ക് എല്‍.ഡി.എഫിന് അനുകൂലമാവുകയും ചെയ്തു. രണ്ടംഗങ്ങളുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം. വിജയിച്ചു. അതോടെ കക്ഷിനില എല്‍.ഡി.എഫ്.07, യു.ഡി.എഫ്.05, ബി.ജെ.പി.03 എന്നിങ്ങനെയായി.

ഇത്തവണ എല്‍.ഡി.എഫില്‍ സി.പി.എം. 11 വാര്‍ഡിലും സി.പി.ഐ. നാല് വാര്‍ഡിലും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് മാത്രമാണ് മത്സരരംഗത്ത്. . ബി.ജെ.പി. ഇത്തവണ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് നേതൃത്വം സൂചിപ്പിക്കുന്നു.