vv rajesh
വിവി രാജേഷ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നേടുന്നതുള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി തയ്യാറായി കഴിഞ്ഞു. പാര്‍ട്ടിയിലേക്ക് പുതിയ ആളുകള്‍ എത്തുന്നതും, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം പാര്‍ട്ടിക്ക് അനുകൂലമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു.

തിരുവനന്തപുരത്തെ തയ്യാറെടുപ്പുകള്‍, ലക്ഷ്യമിടുന്ന വലിയ നേട്ടം?

വാര്‍ഡ് തലത്തിലുള്ള പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കി. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറായി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി കൈക്കൊള്ളും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കുക എന്നതാണ് ലക്ഷ്യം. യോഗ്യനായ ആളെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കും. അക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. നിലവില്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍മാരായിട്ടുള്ള ആളുകളില്‍ ചിലരെ വീണ്ടും മത്സരത്തിനിറക്കും. ജില്ലയില്‍ കഴിഞ്ഞതവണ വലിയ വളര്‍ച്ചയാണ് പാര്‍ട്ടിക്കുണ്ടായത്. ഇത്തവണ അതിലും മുന്നേറ്റമുണ്ടാക്കാനാകും.

പുതിയതായി ആരെയെങ്കിലും പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നുണ്ടോ?

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അയ്യായിരത്തോളം ആളുകള്‍ ബിജെപിയിലേക്ക് വന്നു. ആരെയും അങ്ങോട്ട് പോയി പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ കഴിവുറ്റ നേതൃനിരയുണ്ട്. പക്ഷെ പൊതുസമൂഹത്തില്‍ നിന്ന് പിന്തുണ സമാഹരിക്കാനുള്ള ശ്രമം നടത്തുന്നുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തനിടെ ഉണ്ടായ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും ബിജെപിക്ക് അനുകൂലമാണ്. ജില്ലയില്‍ മൂന്ന് പഞ്ചായത്തില്‍ ഭരണമുണ്ട്. ഇന്ന് നഗരമേഖലകളില്‍ ഉണ്ടായിട്ടുള്ളതുപോലുള്ളതോ അതിനേക്കാളോ വലിയ വളര്‍ച്ച ബിജെപിക്ക് ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും ഇരട്ടിയിലധികം വോട്ടുകള്‍ ഓരോ ബൂത്തുകളിലും ലഭിച്ചിട്ടുണ്ട്.

നിലവിലെ കോര്‍പ്പറേഷന്റെ അവസ്ഥ? യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെപ്പറ്റി

30 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിനാണ്. ഇത്രയും കാലത്തെ ഭരണം കൊണ്ട് ഇന്ത്യയിലേറ്റവും ദുരിതം അനുഭവിക്കുന്ന പട്ടണങ്ങളിലൊന്നാക്കി തിരുവനന്തപുരത്തെ മാറ്റി. സംസ്ഥാന ഭരണം കൂടി സിപിഎമ്മിന് നഷ്ടപ്പെടാന്‍ പോവുകയാണ്. അവര്‍ക്കിനി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. മോദി സര്‍ക്കാര്‍ 1000 കോടിയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി തിരുവനന്തപുരത്തിന് അനുവദിച്ചത്. അതുപോലും വിനിയോഗിക്കാന്‍ കോര്‍പ്പറേഷന് സാധിച്ചില്ല.

കോണ്‍ഗ്രസിനാകട്ടെ കോര്‍പ്പറേഷനില്‍ ദുര്‍ബലാവസ്ഥയിലാണ്. കേന്ദ്രത്തിലും അവര്‍ക്ക് അധികാരമില്ല. സ്വാഭാവികമായും കോര്‍പ്പറേഷന്‍ വികസനത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണ്. അനന്തമായ വികസന സാധ്യതകളാണ് തിരുവനന്തപുരത്തിനുള്ളത്. അത് നടപ്പിലാക്കണമെങ്കില്‍ കേന്ദ്രഫണ്ടുകള്‍ കൂടിയേ തീരു. അതിന് രാഷ്ട്രീയമായി കൂടുതല്‍ ഇടപെടാനുള്ള സാധ്യത ബിജെപിക്ക് മാത്രമേയുള്ളു. അതിനുള്ള സംഘടനാ ശേഷിയും നിലവില്‍ ബിജെപിക്ക് മാത്രമാണ് ഉള്ളത്.

നിലവില്‍ തലസ്ഥാനത്ത് എല്‍ഡിഎഫ് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. നേതാക്കന്മാരെ കാണാന്‍ പോലുമില്ല. മാഫിയ സംസ്‌കാരമാണ് അവരുടേത്. അത് വീണ്ടും കേരളത്തില്‍ വേണോയെന്ന് തീരുമാനിക്കാനുള്ള അവസരമാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ്.

യുഡിഎഫാകട്ടെ സര്‍ക്കാരിനെതിരായ സമരം പോലും നിര്‍ത്തി പിന്‍വാങ്ങിയിരിക്കുകയാണ്. അത്രത്തോളം ദുര്‍ബലമായ അവസ്ഥയിലുള്ള യുഡിഎഫിന് കോര്‍പ്പറേഷന്‍ ഭരണത്തില്‍ എത്തിയിട്ട് എന്ത് ചെയ്യാന്‍ സാധിക്കും. അവര്‍ മുഖ്യ പ്രതിപക്ഷം പോലുമല്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ലക്ഷ്യങ്ങള്‍

പല മണ്ഡലങ്ങളിലും വലിയ മാര്‍ജിനിലല്ല എതിര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളത്. നിലവിലെ പാര്‍ട്ടിയുടെ വിവരങ്ങള്‍ പ്രകാരം മികച്ച സ്ഥാനാര്‍ഥികള്‍ നിന്നാല്‍ കാഴ്ചവെച്ചാല്‍ ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയിക്കാനാകും. അതിനുള്ള സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണ് ഇപ്പോള്‍. ഇതിനായി ആവശ്യമായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും.

content highlights; VV Rajesh, local body election, Thiruvananthapuram Local body election