തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും നേരിട്ടും സ്പെഷ്യല്‍ തപാല്‍വോട്ടിന് അപേക്ഷിക്കാം. തപാല്‍മാര്‍ഗമാണ് അപേക്ഷിക്കേണ്ടത്. കേരളത്തിനു പുറത്തുള്ളവര്‍ക്കും അപേക്ഷിക്കാം. അയല്‍ജില്ലകളില്‍ കുടുങ്ങിയവരുടെ പട്ടിക അതത് കളക്ടര്‍മാര്‍ കൈമാറും. ഇവര്‍ അപേക്ഷിച്ചാല്‍ തപാലില്‍ ബാലറ്റ് ലഭ്യമാക്കും.
നേരിട്ട് അപേക്ഷിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം. തപാല്‍വോട്ടിന്റെ പോസ്റ്റല്‍ചാര്‍ജ് തിരഞ്ഞടുപ്പ് കമ്മിഷന്‍ വഹിക്കും. സ്പീഡ്പോസ്റ്റ് സൗകര്യമുണ്ടാകും. പി.എച്ച്.സി., സി.എച്ച്.സികളിലെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് മതി. വീടുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് അറ്റസ്റ്റേഷന്റെ ചുമതല.
ത്രിതലപഞ്ചായത്തില്‍ മൂന്നുവോട്ടുണ്ടെങ്കിലും സ്പെഷ്യല്‍ തപാല്‍ വോട്ടുചെയ്യിക്കാന്‍ ബുധനാഴ്ചമുതല്‍ ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഒറ്റ അപേക്ഷ മതിയാകും. എന്നാല്‍ മൂന്നുവോട്ടും വ്യത്യസ്ത മേശകളില്‍ എണ്ണുന്നതിനാല്‍ മൂന്നുസത്യപ്രസ്താവന നിര്‍ബന്ധമാണ്.
തപാല്‍വോട്ടുചെയ്യുന്നവരുടെ കൈവിരലില്‍ മഷിപുരട്ടില്ല. ബൂത്തിലെത്തുന്ന കോവിഡ്ബാധിതര്‍ ആവശ്യപ്പെട്ടാല്‍ മഷിപുരട്ടുന്നതാണ്.
തപാല്‍വോട്ടുചെയ്യാത്ത കോവിഡ് രോഗികള്‍ പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തണം. ഇവരെ തിരിച്ചറിയാന്‍ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റണം. മാസ്‌ക് ധിരിച്ചുവരുന്നവര്‍ക്കും ഇതു ബാധകം.
വീടുകളില്‍ തപാല്‍വോട്ട് ചെയ്തവര്‍ ബാലറ്റുകളും സത്യപ്രസ്താവനയുമടങ്ങുന്ന കവറുകള്‍ അപ്പോള്‍ത്തന്നെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നില്ലെങ്കില്‍ ആള്‍വശമോ തപാലിലോ വോട്ടെണ്ണലിനുമുമ്പ് എത്തിച്ചാലും മതി.
ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും തപാല്‍വോട്ടു ചെയ്യുന്നതിന് രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ സൗകര്യം ഒരുക്കും.
ബൂത്തില്‍ നേരിട്ടെത്തുന്നവര്‍ വൈകീട്ട് ആറിനുമുമ്പ് എത്തണം. സാധാരണ വോട്ടര്‍മാരുടെ ക്യൂ അവസാനിച്ച ശേഷമേ ഇവര്‍ക്ക് വോട്ടുചെയ്യാനാവൂ.
തപാല്‍വോട്ടിന് x, ടിക് മാര്‍ക്കുകളാണ് ഉപയോഗിക്കേണ്ടത്. വോട്ട് വ്യക്തമായി രേഖപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.