പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സാമൂഹികമാധ്യമങ്ങളാണ് താരം. പറയുന്നത് ജില്ലയിലെ നവാഗത സ്ഥാനാര്‍ഥികള്‍. പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പ് 2020 സംവാദത്തിലായിരുന്നു മുന്നണി സ്ഥാനാര്‍ഥികള്‍ പരസ്പരം കൈകൊടുത്തത്.

ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു, പള്ളിക്കല്‍ ഡിവിഷന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ശ്രീനാദേവി കുഞ്ഞമ്മ, കൊടുമണ്‍ ഡിവിഷന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി അഡ്വ. അശ്വതി സുധാകര്‍, ഇലന്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വിമല്‍ എം. വിജയന്‍, നാറാണംമൂഴി പഞ്ചായത്തിലെ ഇടമുറി വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. സാംജി ഇടമുറി, പത്തനംതിട്ട നഗരസഭ പത്താം വാര്‍ഡ് സ്ഥാനാര്‍ഥി കെ. രാജിത് കുമാര്‍ എന്നിവരായിരുന്നു സംവാദത്തില്‍ പങ്കെടുത്തത്. അലീന മരിയം അഗസ്റ്റിന്‍ മോഡറേറ്ററായി.

ചുരുങ്ങിയ സമയം

വോട്ടഭ്യര്‍ഥന കൂടുതലും സാമൂഹിക മാധ്യമങ്ങളിലൂടെ ആയതോടെ കൂടുതല്‍ പേരിലേക്ക് പെട്ടെന്ന് എത്താനായെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.

നടപ്പിലാക്കാനുദ്ദേശിക്കുന്ന വികസനങ്ങളും മറ്റും ജനങ്ങളിലെത്തിക്കാനുള്ള വലിയൊരു ഉപാധിയായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞെന്ന് ശ്രീനാദേവിക്കുഞ്ഞമ്മയും അഡ്വ. വിബിതാ ബാബുവും.

യുവതലമുറ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനാല്‍ നേരിട്ടുള്ള വോട്ടഭ്യര്‍ഥനയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് സാംജി ഇടമുറിയും രാജിത് കുമാറും വിമല്‍ എം. വിജയനും അഭിപ്രായപ്പെട്ടു. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് ഒരു പരിധിവരെയെങ്കിലും പരിസ്ഥിതി സൗഹാര്‍ദമാക്കാന്‍ സാധിച്ചൂവെന്ന് ഏകാഭിപ്രായമായിരുന്നു.

സൗന്ദര്യം ഘടകമാണോ?

സൗന്ദര്യം തിരഞ്ഞെടുപ്പില്‍ ഘടകമേയല്ലെന്ന് നവാഗതരായ വനിത സ്ഥാനാര്‍ഥികള്‍ ഐകകണ്‌ഠ്യേന നിലപാടെടുത്തപ്പോള്‍ അതും തിരഞ്ഞെടുപ്പില്‍ ഒരു ഘടകമാകുമെന്നായിരുന്നു സാംജി ഇടമുറിയുടെ അഭിപ്രായം. സൗന്ദര്യം മുഖത്തല്ല, ഉള്ളിലാണ് ഉണ്ടാകേണ്ടതെന്ന് അഡ്വ. വിബിതാ ബാബു നിലപാടെടുത്തു. എതിര്‍ സ്ഥാനാര്‍ഥിയുടെ സൗന്ദര്യം ജയപരാജയങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാട് എല്ലാവര്‍ക്കും സ്വീകാര്യമായി.

വികസനം മുഖമുദ്ര

പ്രാദേശിക വികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു. മാറിമാറി ഭരിച്ച ഇടത്-വലതുമുന്നണികള്‍ വികസനം താഴേതട്ടില്‍ എത്തിക്കുന്നതില്‍ തീര്‍ത്തും പരാജയമെന്നായിരുന്നു അശ്വതി സുധാകറിന്റെയും രാജിത് കുമാറിന്റെയും അഭിപ്രായം. എല്ലാവര്‍ക്കും വെള്ളം, വീട്, വൈദ്യുതി എന്നാണ് തന്റെ സ്വപ്നമെന്ന് സാംജി ഇടമുറിയും വിമല്‍ എം.വിജയനും പറഞ്ഞു.