പന്തളം: കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമായി സ്‌പെഷ്യല്‍ തപാല്‍ വോട്ട് സംവിധാനം ജില്ലയില്‍ ആരംഭിച്ചു. സ്‌പെഷ്യല്‍ ബാലറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും അടുത്ത് നേരിട്ടെത്തിയാണ് സ്‌പെഷ്യല്‍ തപാല്‍ കൈമാറി വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ തിരികെ വാങ്ങിത്തുടങ്ങിയത്.

ആരോഗ്യവകുപ്പില്‍നിന്ന് ലഭിക്കുന്ന പട്ടികപ്രകാരമാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ എത്തുന്നത്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലോടുംകൂടിയാണ് ഇവര്‍ക്കായി ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക മുറിയില്‍ ഉദ്യോഗസ്ഥരെത്തിയത്.

പന്തളം അര്‍ച്ചനാ ആശുപത്രിയിലെ കോവിഡ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന പത്തുപേരുടെയും രോഗം ഭേദമായി മടങ്ങിയ നാലുപേരുടെയും വോട്ട് രേഖപ്പെടുത്താനായി ഉദ്യോഗസ്ഥരെത്തിയിരുന്നു.

വോട്ടെടുപ്പിന് തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനില്‍ ആകുകയോ ചെയ്താല്‍, വോട്ടെടുപ്പ് ദിവസം അവസാന ഒരു മണിക്കൂറായ അഞ്ചുമുതല്‍ ആറുവരെ പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. സാധാരണ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനുശേഷം പി.പി.ഇ. കിറ്റ് ധരിച്ചാകണം സ്‌പെഷ്യല്‍ വോട്ടര്‍ വോട്ട് ചെയ്യാന്‍ എത്തേണ്ടത്.