പത്തനംതിട്ട: തിരഞ്ഞെടുപ്പിന് ശേഷവും തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തുടരുകയാണെന്ന് അഡ്വ. വിബിത ബാബു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു വിബിതയുടെ തുറന്നുപറച്ചിൽ. ഇനിയെങ്കിലും തന്നെ വ്യക്തിഹത്യ നടത്തുന്നത് അവസാനിപ്പിക്കണമെന്നും തന്നെ വെറുതെവിടണമെന്നും തനിക്കൊരു കുടുംബമുണ്ടെന്നും വിബിത ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പത്തനംതിട്ട ജില്ല പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥി വിബിത ബാബു സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ, ഇവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായ പോസ്റ്റുകളും പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിബിതയുടേതെന്ന പേരിൽ വ്യാജ വീഡിയോയും വ്യാപകമായി പ്രചരിച്ചു. ഇതിനെതിരേ ഇവർ ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നൽകിയിരുന്നു.എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളും തുടരുകയാണെന്നാണ് വിബിത പറയുന്നത്.

 

Content Highlights:vibitha babu facebook live about cyber attack