തിരുവല്ല: ഇടത് മുന്നണിയില്‍നിന്ന് മത്സരിക്കാന്‍ മുന്‍ ചെയര്‍പേഴ്സണും ഭര്‍ത്താവും. തിരുവല്ല നഗരസഭയിലെ മുന്‍ അധ്യക്ഷ ലിന്‍ഡ തോമസും ഭര്‍ത്താവും കൗണ്‍സിലറുമായ തോമസ് വഞ്ചിപ്പാലവുമാണ് മത്സരരംഗത്തുളളത്. ലിന്‍ഡ മൂന്നാംവട്ടവും തോമസ് രണ്ടാംവട്ടവുമാണ് ജനവിധി തേടുന്നത്. മൂന്നാംവാര്‍ഡായ ആറ്റുചിറയിലാണ് ലിന്‍ഡ സ്ഥാനാര്‍ഥിയായത്. നാലാംവാര്‍ഡായ കിഴക്കന്‍മുത്തൂരില്‍ തോമസും. തോമസിന്റെ മൂത്തസഹോദരന്‍ പരേതനായ ജേക്കബ് വഞ്ചിപ്പാലം 2008-ല്‍ നഗരസഭാ ചെയര്‍മാനായിരുന്നു. കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിലാണ് എല്ലാവരും പ്രവര്‍ത്തിച്ചിരുന്നത്. ജോസ് കെ.മാണിക്കൊപ്പം നിന്ന ലിന്‍ഡയ്ക്കും തോമസിനും ഇടതുമുന്നണി സീറ്റ് നല്‍കുകയും ചെയ്തു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള വാര്‍ഡുകളില്‍ ഒന്നാണ് ആറ്റുചിറ.

പന്തളം: ഭര്‍ത്താവ് രണ്ടാം അങ്കത്തിന് തയ്യാറെടുക്കുമ്പോള്‍ ഭാര്യ കന്നിയങ്കത്തിന് കച്ചകെട്ടുന്നു. പന്തളം നഗരസഭയിലാണ് സുമേഷും ഭാര്യ മഞ്ജുഷാ സുമേഷും മത്സരരംഗത്തുള്ളത്. രണ്ടുപേരും എന്‍.ഡി.എ.യുടെ താമര ചിഹ്നത്തിലാണ് വോട്ടുതേടുന്നത്. സുമേഷ് 18-ാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ മഞ്ജുഷ 22-ലാണ് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥിയായ അമ്മാവന്‍ വത്സലനെ പരാജയപ്പെടുത്തിയാണ് സുമേഷ് നഗരസഭയിലെത്തിയത്.