തിരുവല്ല: നഗരസഭ പിടിക്കാന്‍ മുന്നണികള്‍ നടത്തുന്ന പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസുകള്‍ നേരിട്ടേറ്റുമുട്ടുന്ന വാര്‍ഡുകള്‍ നിര്‍ണായകമാകും. ഏഴ് സീറ്റുകളിലാണ് ജോസ്, ജോസഫ് വിഭാഗം ഇടത്-വലത് മുന്നണികളിലായി കൊമ്പുകോര്‍ക്കുന്നത്.

നേടുന്നതാര്

മൂന്ന്, നാല്, 11, 21, 23, 34, 35 വാര്‍ഡുകളിലാണ് കേരള കോണ്‍ഗ്രസിന്റെ നേര്‍ക്കുനേര്‍ പോരാട്ടം. ഇതില്‍ 21 ഒഴിച്ചുള്ള മുഴുവന്‍ വാര്‍ഡുകളും കഴിഞ്ഞവട്ടം യു.ഡി.എഫ്. പക്ഷത്ത് നിന്നതാണ്. 39 വാര്‍ഡുകളുള്ള നഗരസഭയില്‍ ഈ ഏഴ് വാര്‍ഡുകളിലെ ഫലം നിര്‍ണായകമാണ്.

പ്രതീക്ഷ വാനോളം

കോണ്‍ഗ്രസ് 13 സീറ്റുകളിലാണ് വിജയപ്രതീക്ഷ പുലര്‍ത്തുന്നത്. ജോസഫ് വിഭാഗത്തിന് 12 സീറ്റുകളാണ് യു.ഡി.എഫ്. നല്‍കിയിരിക്കുന്നത്. സ്വതന്ത്രചിഹ്നത്തില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന സി.പി.എം. നേരിട്ട് പത്തിലധികം സീറ്റ് പ്രതീക്ഷക്കുന്നു.

ജെ.ഡി.എസ്., എല്‍.ജെ.ഡി., സി.പി.ഐ. തുടങ്ങിയ കക്ഷികള്‍ക്ക് കിട്ടുന്ന സീറ്റുകള്‍ ചേര്‍ത്താലും ഭരണം പിടിക്കാനുള്ള 20 സീറ്റിലെത്താന്‍ ജോസ് വിഭാഗത്തിന്റെ സീറ്റുകള്‍ ഇടതുമുന്നണിക്ക് നിര്‍ണായകമാകും.

കൈവിട്ട കളി

11-ാം വാര്‍ഡില്‍ ബന്ധുക്കള്‍ ഇരുചേരിയിലായി മത്സരിക്കുമ്പോള്‍ യു.ഡി.എഫിന് തലവേദനയായി ആര്‍.എസ്.പി.യും രംഗത്തുണ്ട്. ആര്‍.എസ്.പി.യുടെ സിറ്റിങ്ങ് സീറ്റാണിത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആര്‍.എസ്.പി.ക്ക് സീറ്റെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷമാണ് ജോസഫ് വിഭാഗത്തിന് സീറ്റ് കൈമാറി പ്രഖ്യാപനം വന്നത്. പ്രചാരണവുമായി മുന്നോട്ടുപോയ ആര്‍.എസ്.പി.ക്ക് പിന്മാറ്റം അസാധ്യമാവുകയും ചെയ്തു.

അപരന്‍മാര്‍ തുണയ്ക്കും

ഇടതുവലതുമുന്നണികള്‍ വിമതശല്യം നേരിടുമ്പോള്‍ ശക്തിതെളിയിക്കാനുള്ള അവസരമാണ് എന്‍.ഡി.എ.യ്ക്കുളളത്. നിലവിലുള്ള നാല് സീറ്റ് 12-ലേക്ക് എത്തിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍.ഡി.എ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ തന്നെ നടത്തിയിരുന്നു.