തിരുവല്ല: വലത്തും ഇടത്തും മാറിയുള്ള മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യംകൂടിയാകുമ്പോള്‍ ആരെയും പിണക്കാന്‍ മനസ്സില്ലാത്ത മേഖലയെന്ന് വിലയിരുത്താനാവും. 2011-ന് മുമ്പും ശേഷവും എന്ന രീതിയിലാണ് തിരുവല്ല നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് രംഗം വിഭജിക്കപ്പെടുന്നത്. 2011-ല്‍ ഇല്ലാതായ കല്ലൂപ്പാറ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ തിരുവല്ലയിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ച മണ്ഡലം. 2006-ല്‍ വിജയിച്ച മാത്യു ടി. തോമസ് 2011-ലും 16-ലും വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ മൂന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തിരുവല്ല യു.ഡി.എഫിന് അനുകൂലമായി നിലനിന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും വന്‍മുന്നേറ്റം നടത്തി. കുന്നന്താനം, കുറ്റൂര്‍, നെടുമ്പ്രം, കവിയൂര്‍, മല്ലപ്പള്ളി, പെരിങ്ങര, തിരുവല്ല നഗരസഭ എന്നിവിടങ്ങളിലാണ് ബി.ജെ.പി. കാര്യമായ വളര്‍ച്ചനേടിയത്. നെടുമ്പ്രവും, കുറ്റൂരും ബി.ജെ.പിയാണ് ഭരിക്കുന്നതും. നിരണം, കടപ്ര, പുറമറ്റം പഞ്ചായത്തുകളില്‍ ഒഴികെ എല്ലായിടത്തും ബി.ജെ.പിക്ക് അംഗങ്ങളുമുണ്ട്.

തിരുവല്ല നഗരസഭ

മിക്ക തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. വന്‍ ആധിപത്യം നേടുന്നയിടം. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള രാഷ്ട്രീയ നീക്കങ്ങളിലൂടെ ചിലപ്പോഴൊക്കെ യു.ഡി.എഫിന് നഗരസഭയുടെ കടിഞ്ഞാണ്‍ നഷ്ടമായിട്ടുണ്ട്. 39 സീറ്റില്‍ 23 എണ്ണം നേടി 2015-ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫിന് ആദ്യ മൂന്ന് വര്‍ഷം കാഴ്ചക്കാരുടെ റോളില്‍ ഭരണത്തില്‍ ഇരിക്കേണ്ടിവന്നു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളാണ് ഇതിന് വഴിവെച്ചത്. ഭരണം അവസാനിക്കുമ്പോള്‍ മാണിവിഭാഗത്തില്‍നിന്നു ജോസ് പക്ഷം ഇടത്തേക്ക് പോയി. ഇത് തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് അറിയണം. 10 സീറ്റുകളിലെങ്കിലും വിജയിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി. പയറ്റുന്നത്.

പെരിങ്ങര

സി.പി.എം. പ്രതിനിധികള്‍ അധ്യക്ഷരായിട്ടുണ്ടെങ്കിലും പൊതുവേ യു.ഡി.എഫിന് അനുകൂലമായ പഞ്ചായത്ത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവുമായ സാം ഈപ്പന്‍ ജോസ് വിഭാഗത്തിനൊപ്പം ആദ്യം ഇടതിലേക്ക് പോയെങ്കിലും പിന്നീട് തിരിച്ചുവന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ് സി.പി.എം. നേതാക്കളുടെ പ്രതീക്ഷ.

കുറ്റൂര്‍

ബി.ജെ.പി. ഭരണംപിടിച്ച പഞ്ചായത്ത്. 14 അംഗ പഞ്ചായത്തില്‍ ആറ് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. എല്‍.ഡി.എഫ്. ഭരണം ഒഴിവാക്കാന്‍ ഏക കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി ബി.ജെ.പിയെ അനുകൂലിച്ചതോടെയാണ് ഭരണം കിട്ടിയത്. കേരള കോണ്‍ഗ്രസ് പ്രതിനിധി വൈസ് പ്രസിഡന്റുമായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പഞ്ചായത്തില്‍ ഒന്നാം സ്ഥാനത്ത് വന്നത് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നതിന്റെ സൂചനയായി നേതാക്കള്‍ കാണുന്നു. ഇടത്-വലത് മുന്നണികളും ഭരണ പ്രതീക്ഷയിലാണ്.

കവിയൂര്‍

യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള പഞ്ചായത്താണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം എല്‍.ഡി.എഫിന് ലഭിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. 2010-ല്‍ ഒരംഗത്തെ ലഭിച്ച ബി.ജെ.പിക്ക് 2015-ല്‍ നാലായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ത്രികോണ മത്സരത്തിനും കളമൊരുങ്ങി.

ഭരണം പിടിക്കാനുള്ള കരുത്ത് നേടിയതായാണ് ബി.ജെ.പി. ക്യാമ്പ് വിലയിരുത്തുന്നത്. കോട്ടയ്ക്ക് കുലുക്കമുണ്ടാകില്ലെന്ന് യു.ഡി.എഫും.

നിരണം

ഇടത്-വലത് മുന്നണികള്‍ മാറിമാറിയുള്ള ഭരണം. ബി.ജെ.പിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫ്-യു.ഡി.എഫ് തുല്യനിലയിലാണെങ്കിലും സ്വതന്ത്രരുടെ പിന്തുണ ഇടതിന് ലഭിച്ചു.

കടപ്ര

ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തുകളിലൊന്നാണ്.

ഇത്തവണയും ഭരണം നിലനിര്‍ത്തുവാനുള്ള തന്ത്രങ്ങളുമായാണ് ഇടത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതാപം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്.

നെടുമ്പ്രം

2005-ല്‍ ബി.ജെ.പി. ആദ്യമായി അധികാരത്തിലെത്തി ഞെട്ടിച്ച പഞ്ചായത്താണ്. പിന്നീട് രണ്ടുതവണ ഇടതുമുന്നണി ഭരണം നടത്തി.

2015-ല്‍ വീണ്ടും ബി.ജെ.പി. ഭരണം പിടിച്ചു. ദുര്‍ബലമായിരുന്ന യു.ഡി.എഫ്. ഇത്തവണ മുന്‍കൂട്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.

മല്ലപ്പള്ളി

2015-ല്‍ ആറ് വീതം അംഗങ്ങളുമായി തുല്യനിലയില്‍ ഇടതും വലതും എത്തി നറുക്കെടുപ്പില്‍ യു.ഡി.എഫ്. പ്രസിഡന്റ് സ്ഥാനത്തെത്തി. പിന്നീട് പ്രസിഡന്റ് മരിച്ചതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വിജയിച്ച് ഭരണം പിടിച്ചു. ഇത്തവണയും ഇരുമുന്നണികളും കടുത്തമത്സരത്തിനുള്ള കോപ്പുകൂട്ടലിലാണ്.

കുന്നന്താനം

ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭരണം. യു.ഡി.എഫിന് പ്രതാപമുണ്ടായിരുന്ന പഞ്ചായത്തുകളിലൊന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം ഉണ്ടായിരുന്നു. ബി.ജെ.പിയും മികച്ച വളര്‍ച്ചനേടിയ പഞ്ചായത്താണ്.

കല്ലൂപ്പാറ

ആറ് അംഗങ്ങളോടെ യു.ഡി.എഫ്. മുന്നില്‍ വന്നെങ്കിലും എല്‍.ഡി.എഫും ബി.ജെ.പിയും പിന്തുണച്ചതിനെ തുടര്‍ന്ന് സ്വതന്ത്രര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എത്തി.

പുറമറ്റം

2015-ല്‍ ഒന്‍പത് അംഗങ്ങളുടെ പിന്തുണയോടെ ഭരണത്തില്‍ യു.ഡി.എഫ്. എത്തി. പിന്നീട് നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുപോയതോടെ ഭരണം ഇടതിനായി.

ബി.ജെ.പി. ഇതുവരെ അക്കൗണ്ട് തുറക്കാത്ത പഞ്ചായത്തുകളില്‍ ഒന്നാണ്.

ആനിക്കാട്

യു.ഡി.എഫ്. കോട്ടയെന്ന് പറയാം. ഏഴ് അംഗങ്ങളാണ് യു.ഡി.എഫിന് ഉള്ളത്. സ്വതന്ത്രചിഹ്നത്തില്‍ ജയിച്ച നാലുപേരാണ് എല്‍.ഡി.എഫില്‍ ഉള്ളത്. ബി.ജെ.പിക്ക് രണ്ടും.