ഓമല്ലൂര്‍(പത്തനംതിട്ട): സ്ഥാനാര്‍ഥി കത്തിക്കയറുന്നതിനിടെ നതാലി മെല്ലെ വന്നു. തൂണില്‍ച്ചാരി കൗതുകത്തോടെ നോക്കിനിന്നു. കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ ചേച്ചിമാരും നോക്കി... ഓമല്ലൂരിലെ തിരഞ്ഞെടുപ്പില്‍ ഇംഗ്ലീഷുകാരിക്ക് എന്തുകാര്യം.

ഉത്തരം കണ്ടെത്താന്‍ 14ാംവാര്‍ഡ് (മഞ്ഞിനിക്കര) എന്‍.ഡി.എ. സ്ഥാനാര്‍ഥി രവീന്ദ്രവര്‍മ അംബാനിലയത്തിനെ ഏല്പിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയാണ് അതിഥി. കളരിപ്പയറ്റ് ആശാട്ടിയുമാണ്. നതാലി നിക്കോളസ് മനസ്സുതുറന്നതോടെ നാടിനെയോര്‍ത്ത് വീട്ടമ്മമാര്‍ അഭിമാനംകൊണ്ടു.

കേരളത്തിലെ പൈതൃകഗ്രാമങ്ങളെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി വയല്‍വാണിഭത്തെക്കുറിച്ച് അറിയാനാണ് നതാലിയ ഓമല്ലൂരിലെത്തിയത്. ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പരേതനായ ആര്‍.വീരകേരളവര്‍മ രാജയുടെ കുടുംബത്തിലെത്തി കാര്യങ്ങളറിഞ്ഞു. പിന്നെ കാളവണ്ടിയും കാളകളും ഉണ്ടായിരുന്ന പാരിപ്പള്ളില്‍ കുടുംബത്തിന്റെ കൂട്ടായ്മയിലേക്ക്. അവിടെയാണ് സ്ഥാനാര്‍ഥിയെ കണ്ടത്. വോട്ടിനുവേണ്ടി പയറ്റുന്നത് കണ്ടപ്പോള്‍ കൗതുകം. നതാലിയുടെ കളരിപ്പയറ്റിനെപ്പറ്റി അറിഞ്ഞപ്പോള്‍ കാണണമെന്നായി.

അങ്ങനെ ഇടത്തുമാറി വലത്തുമാറി ഞെരിഞ്ഞമര്‍ന്ന് നതാലി മുന്നേറി. കൂടെ യോഗാസനമുറകളും കളരിപ്പയറ്റിലെ മെയ്യഭ്യാസമുറകളും ചേര്‍ത്തുള്ള രീതികളും വിവരിച്ചു. കേരളത്തിന്റെ ആയോധനകലകളെക്കുറിച്ച് മലയാളികള്‍ ഇനിയും ബോധവാന്മാരായിട്ടില്ലെന്നും നതാലി പറഞ്ഞു. കോട്ടയം കൈപ്പുഴ ചിറയ്ക്കല്‍ സി.പി.രാജേഷ് ഗുരുക്കളുടെ ഭാര്യയാണ്. മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. കൈപ്പുഴയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും കളരി നടത്തുന്നുണ്ട്. ഭര്‍ത്താവും നാലുവയസ്സുള്ള മകന്‍ ആദിത്യനും ഒപ്പമുണ്ടായിരുന്നു.