സീതത്തോട്: വീട്ടിലേക്ക് വഴി നൽകാത്തതിൽ പ്രതിഷേധിച്ച്, പത്തുവർഷമായി തളർന്നുകിടക്കുന്ന അമ്മയെ ചുമലിലേറ്റി മകൻ പോളിങ് ബൂത്തിലെത്തി. സീതത്തോട് മൂന്നുകല്ല് ആറങ്ങാട്ട് വീട്ടിൽ ബാബുക്കുട്ടിയാണ് തന്റെ അമ്മ മറിയാമ്മയെ ചുമന്ന് കൊണ്ടുവന്ന് പ്രതിഷേധം രേഖപ്പെടുത്തിയത്. മൂന്നുകല്ല് ബൂത്തിലാണ് മകൻ അമ്മയുമായി എത്തിയത്.

സീതത്തോട്-ചിറ്റാർ പ്രധാന റോഡിൽനിന്ന് നൂറുമീറ്റർ മാറിയാണ് ബാബുക്കുട്ടിയും കുടുംബവും താമസിക്കുന്നത്. രോഗിയായ അമ്മ പത്തുവർഷമായി വീട്ടിൽ തളർന്നുകിടക്കുകയാണ്.

ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാൻ പഞ്ചായത്തിന്റെ ഒരു നടവഴിമാത്രമാണുള്ളത്. ഇവിടേക്ക് ചെറിയൊരു വാഹനമെത്തിക്കാൻപാകത്തിലെങ്കിലും വഴി ശരിയാക്കിത്തരണമെന്ന് വർഷങ്ങളായി പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെടുകയാണെന്ന് ബാബുക്കുട്ടി പറഞ്ഞു. ആരും ഇതിന് തയ്യാറാകാതെവന്നതോടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതെന്നും കൂലിവേലക്കാരനായ ഇയാൾ പറയുന്നു.