അടൂര്‍: ദിവസങ്ങളായി നടക്കുന്ന തുടര്‍ചര്‍ച്ച. ഒടുവില്‍ എല്ലാം പറഞ്ഞും തീര്‍ത്തും ഒരുവിധത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു. പ്രവര്‍ത്തനം തുടങ്ങാന്‍ മുന്നണിനേതാക്കന്‍മാര്‍ അനുവാദവും അനുഗ്രഹവും നല്‍കി. ചരിഞ്ഞും നിവര്‍ന്നും ഒരിക്കലും വരാത്ത ചിരി മുഖത്ത് വരുത്തി ഫോട്ടോ എടുത്തു. പിന്നീട് വിജയിപ്പിക്കണമെന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ദാ വരുന്നു... തൊഴുകൈയോടെ കഴിഞ്ഞ ദിവസം വരെ കൂടെ നിന്ന് ആവേശം പകര്‍ന്ന ആള്‍ എന്നെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത്. ഇതാണ് ഇപ്പോള്‍ അടൂരിലെ അവസ്ഥ.

നഗരസഭയില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് വിമതന്‍മാര്‍ വല്ലാത്ത തലവേദന സൃഷ്ടിക്കുകയാണ്. ചര്‍ച്ചയില്‍ തോറ്റവര്‍ വിമതരായി മത്സരിക്കുമെന്ന പ്രഖ്യാപനം ഇതിനോടകംതന്നെ നടത്തിക്കഴിഞ്ഞു. ചിലര്‍ വീടുകയറിയുള്ള പ്രവര്‍ത്തനങ്ങള്‍ വരെ നടത്തിക്കഴിഞ്ഞു. ഇതുതന്നെയാണ് ഏറത്ത്, പള്ളിക്കല്‍, കടമ്പനാട്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലേയും അവസ്ഥ. യു.ഡി.എഫിന് ചിലയിടങ്ങളില്‍ അഞ്ചുപേര്‍ വരെയാണ് സ്ഥാനാര്‍ത്ഥികളാകാന്‍ രംഗത്തുള്ളത്. ഇവരെ അനുനയിപ്പിക്കുന്ന തിരക്കിലാണ് നേതാക്കള്‍ ഇപ്പോള്‍. എന്‍.ഡി.എഫ്. ഏറെ പണിപ്പെട്ട് കുറച്ചുപേരെ മാറ്റി. എതിര്‍പ്പുണ്ട് എന്നറിഞ്ഞിട്ടും സീറ്റ് ഉറപ്പിക്കാന്‍ വേണ്ടി സ്വയം പോസ്റ്ററുകള്‍ ഇറക്കിയ വിരുതന്‍മാരുമുണ്ട് ഇക്കൂട്ടത്തില്‍. ഇവരുടെ പേര് ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് രസം.