ranniറാന്നി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് റാന്നിയെ ഇക്കുറി ശ്രദ്ധേയമാക്കുന്നത്. മത്സരം കടുപ്പിക്കാന്‍ എന്‍.ഡി.എ.യില്‍ നിന്ന് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയും രംഗത്തുണ്ട്. ഭൂരിപക്ഷമുയര്‍ത്തി റാന്നി നിലനിര്‍ത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. കഴിഞ്ഞ തവണ നഷ്ടമായ ഡിവിഷന്‍ പിടിച്ചെടുക്കാനാണ് യു.ഡി.എഫ്.. സീറ്റ് നേടിയെടുക്കുമെന്ന വിശ്വാസത്തില്‍ എന്‍.ഡി.എ.യും.

2015-ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ് ഏബ്രഹാമിനെയാണ് ഡിവിഷന്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്. കളത്തിലിറക്കിയത്. യുവാവായ എബിന്‍ കൈതവനയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. ബി.ഡി.ജെ.എസ്. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ബോബി കാക്കാനപ്പള്ളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബെന്നി പുത്തന്‍പറമ്പിലടക്കം മറ്റ് നാലുപേര്‍ കൂടി മത്സരിക്കുന്നുണ്ട്.

റാന്നി ഗ്രാമപ്പഞ്ചായത്ത് പൂര്‍ണമായും വടശ്ശേരിക്കര-13 വാര്‍ഡുകളും പെരുനാട് 4, ചെറുകോല്‍- 8, നാരങ്ങാനം-6 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഈ ഡിവിഷന്‍. 2005-ല്‍ 96 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി.കെ.കുമാരനും 2010-ല്‍ 74 വോട്ടുകള്‍ കൂടുതല്‍ നേടി എസ്.ഹരിദാസും 2015-ല്‍ 89 വോട്ടുകള്‍ അധികം നേടി സൂസന്‍ അലക്സുമാണ് ഇവിടെനിന്ന് വിജയിച്ചത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം കൂടെയെത്തിയതും പരിചിതനായ സ്ഥാനാര്‍ഥിയായതിനാലും ഇക്കുറി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാനാവുമെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ. എബിനിലൂടെ ഡിവിഷന്‍ പിടിച്ചെടുക്കാനാവുമെന്ന ഉറച്ച് വിശ്വാസത്തിലാണ് യു.ഡി.എഫ്. വിജയപ്രതീക്ഷ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ.

റാന്നി ചെല്ലയ്ക്കാട് കൈതവനയില്‍ എബിന്‍ തോമസ് ബി.ടെക്, എം.ബി.എ. ബിരുദധാരിയാണ്. കീക്കൊഴൂര്‍ ഇലഞ്ഞിക്കല്‍ ഏബ്രഹാം ജോര്‍ജ് ചെറുകോല്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനമാരംഭിച്ചത്.

റാന്നി ചേത്തയ്ക്കല്‍ കാക്കാനപ്പള്ളില്‍ ബോബി ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി, യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി, എന്‍.ഡി.എ. നിയോജകമണ്ഡലം ചെയര്‍മാന് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.