റാന്നി: ലോക്ഡൗണിന് ശേഷം റാന്നി വിദേശമദ്യ ചില്ലറവില്പന ശാലയില്‍ ഞായറാഴ്ച റിക്കാര്‍ഡ് കളക്ഷന്‍. 23 ലക്ഷം രൂപയാണ് വൈകീട്ട് ആറുമണിക്ക് വില്പനശാല അടയ്ക്കുന്നതുവരെ വില്പന നടന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഞായറാഴ്ച വൈകീട്ട് ആറുമുതല്‍ ചൊവ്വാഴ്ച വൈകീട്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയുള്ള 48 മണിക്കൂര്‍ മദ്യ വില്പന നിരോധിച്ചിട്ടുണ്ട്.

ലോക് ഡൗണിന് ശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ ഈ വിദേശമദ്യ ചില്ലറ വില്പന ശാലയില്‍ വരുമാനം വളരെ കുറഞ്ഞിരുന്നു. അടുത്ത് ബാര്‍ഹോട്ടല്‍ കൂടിയുള്ളതാണ് കാരണം. പത്ത് ലക്ഷത്തില്‍ താഴെയായിരുന്നു മിക്ക ദിവസങ്ങളിലെയും വരുമാനം. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ 20 ലക്ഷം വരെയെത്തിയിരുന്നു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പെരുനാട്ടിലെ വില്പനശാല അടച്ചിരുന്നു. ഇതുകാരണം റാന്നിയില്‍ വരുമാനം 30 ലക്ഷം വരെ എത്തുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എന്നാല്‍, അത്രയുമുണ്ടായില്ല.