ഇഞ്ചപ്പാറ(കൂടല്‍): രാക്ഷസന്‍പാറയെയും ഈ പ്രകൃതിയെയും ജീവന്‍ തന്നെ നല്‍കിയാലും ഉറപ്പായും സംരക്ഷിക്കുമെന്ന് ഇഞ്ചപ്പാറയിലെ സ്ഥാനാര്‍ഥികള്‍ ഒരേസ്വരത്തില്‍. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ തന്നെ പ്രധാന വിഷയമായി ഉയരുന്ന നാലാംവാര്‍ഡിലെ സ്ഥാനാര്‍ഥികളാണ് രാക്ഷസന്‍പാറയില്‍ എത്തി കൈകോര്‍ത്ത് മനസ്സ് തുറന്നത്. ജില്ലയില്‍ തന്നെ ഏറ്റവുമധികം പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നൊരു വാര്‍ഡാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇഞ്ചപ്പാറ.

വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ വലിയ ക്വാറികള്‍ ആരംഭിക്കുന്നതിന് ഒരുക്കം നടക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് എത്തിയത്. ക്വാറികള്‍ക്കെതിരായ സമരവും ഇവിടെ ശക്തമാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നതിനാണ് രാക്ഷസന്‍പാറയിലേക്ക് തന്നെ സ്ഥാനാര്‍ഥികളായ ജൂബി ചക്കുതറ (എല്‍.ഡി.എഫ്.), ആശാ സജി (യു.ഡി.എഫ്.), ജോണ്‍സി ചാക്കോ (എന്‍.ഡി.എ.) എന്നിവര്‍ എത്തിയത്. ഒപ്പം രാക്ഷസന്‍പാറയിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കോശി ശാമുവലും ഉണ്ടായിരുന്നു.

ശാശ്വതമായി സംരക്ഷണം

രാക്ഷസന്‍പാറയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് ശാശ്വതമായ പരിഹാരമുണ്ടാക്കും.

പൈതൃകമായ ഈ പാറയും പരിസരവും ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ശ്രമിക്കും. ജീവിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തിന് ഒപ്പം തന്നെ നിലകൊള്ളുകയും ചെയ്യും. നിയമപരമായും വ്യക്തിപരമായും ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് മുഖ്യ അജണ്ട.

-ആശാ സജി

(യു.ഡി.എഫ്.)

അന്തിമ പരിഹാരമുണ്ടാക്കും

പാരിസ്ഥിതിക പ്രാധാന്യവും െഎതിഹ്യം നിറഞ്ഞതുമായ രാക്ഷസന്‍പാറയിലെ പ്രശ്നങ്ങള്‍ക്ക് അന്തിമ പരിഹാരമുണ്ടാക്കും.

പൈതൃകപ്പട്ടികയില്‍പ്പെട്ട ഇവിടം ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. അതിനുള്ള സ്ഥിരം സംരക്ഷണത്തിനായി പദ്ധതികളുണ്ടാക്കും.

-ജൂബി ചക്കുതറ

(എല്‍.ഡി.എഫ്.)

സംരക്ഷണത്തിനായി ഏതറ്റം വരെയും

രാക്ഷസന്‍പാറയുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും ജനങ്ങള്‍ക്ക് ഒപ്പം തന്നെ കാണും. ജീവന്‍ നല്‍കിയാലും രാക്ഷസന്‍പാറയെ സംരക്ഷിക്കും. ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കള്ളിപ്പാറ തലമുറകള്‍ക്ക് സംരക്ഷണം ഒരുക്കി ഇനിയും നിലകൊള്ളുന്നതിനായി പ്രവര്‍ത്തിക്കും.

-ജോണ്‍സി ചാക്കോ

(എന്‍.ഡി.എ.)

ഇവിടം തകര്‍ക്കാന്‍ കൂട്ട് നില്‍ക്കരുതേ...

ആര് ജയിച്ചാലും പൈതൃകവും ഐതിഹ്യവും നിറഞ്ഞ് നില്‍ക്കുന്ന ഈ രാക്ഷസന്‍പാറയെ തകര്‍ക്കാന്‍ കൂട്ട് നില്‍ക്കരുതേ. നിരവധി ശ്രമങ്ങളാണ് രാക്ഷസന്‍പാറയെയും സമീപത്തുള്ള പല പാറകളെയും തകര്‍ക്കാനായി നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനപക്ഷത്ത് നിന്ന് വേണം വിജയിക്കുന്നവര്‍ തീരുമാനങ്ങളെടുക്കാന്‍. കലഞ്ഞൂരിലെ പേരും പെരുമയുമുള്ള പാറകളെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍തന്നെയാണ് ആവശ്യം.

കോശി ശാമുവല്‍ (പ്രസിഡന്റ് ജനജാഗ്രതാ മിഷന്‍)