തിരുവല്ല: ജില്ലാപഞ്ചായത്ത് രൂപവത്കരിച്ചകാലംമുതല്‍ യു.ഡി.എഫിന് ഒപ്പം നിന്ന ചരിത്രമാണ് പുളിക്കീഴ് ഡിവിഷനുളളത്. നിലനിര്‍ത്താനും ചരിത്രം തിരുത്താനും ലക്ഷ്യംവെച്ച് മൂന്ന് മുന്നണികളും ഇത്തവണ പുതുമുഖങ്ങളെ പരീക്ഷിക്കുന്നു. ഇടത്-വലത് മുന്നണികളില്‍ കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുളള പോരാട്ടത്തിന് ഇത്തവണ ഡിവിഷന്‍ സാക്ഷ്യം വഹിക്കും.

യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിലെ ബിന്ദു ജെ.വൈക്കത്തുശ്ശേരി, എല്‍.ഡി.എഫില്‍ ജോസ് വിഭാഗത്തിലെ അന്നമ്മ പി.ജോസഫ്(ഡാലിയ സുരേഷ്), എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിലെ മിനു രാജേഷ് എന്നിവരാണ് മത്സരിക്കുന്നത്. 1995-ല്‍ കോണ്‍ഗ്രസ് നേതാവ് നിരണം തോമസാണ് ഡിവിഷനെ ആദ്യം വലത്തേക്ക് അടുപ്പിക്കുന്നത്. 2000-ല്‍ കേരള കോണ്‍ഗ്രസി(എം) ന് കൈമാറിയ മണ്ഡലത്തില്‍ അംബികാ മോഹന്‍ വിജയിച്ചു. 2005-ല്‍ സജി അലക്സ്, 2010-ല്‍ അംബികാ മോഹന്‍, 2015-ല്‍ സാം ഈപ്പന്‍ എന്നിവര്‍ ഡിവിഷന്‍ കൈവിടാതെ കാത്തു. ഡിവിഷനില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ മൂന്ന് മുന്നണികള്‍ക്കും സ്വാധീനമുളളത് ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്.

pulikeezhuകടപ്ര, നിരണം പഞ്ചായത്തുകള്‍ എല്‍.ഡിഎഫ്. ഭരിക്കുമ്പോള്‍ പെരിങ്ങര യു.ഡി.എഫിന്റെ കൈകളിലാണ്. നെടുമ്പ്രം ബി.ജെ.പി.യും ഭരിക്കുന്നു. ബി.ജെ.പി. ഭരിക്കുന്ന കുറ്റൂരിലെ നാല് വാര്‍ഡുകളും പുളിക്കീഴ് ഡിവിഷനിലാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ നേട്ടമുണ്ടാക്കിയ മേഖലയുമാണ് പുളിക്കീഴ് ഡിവിഷന്‍. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ബിന്ദു നിരണം മാര്‍ത്തോമന്‍ വിദ്യാപീഠത്തിലെ അധ്യാപികയാണ്. ഓര്‍ത്തഡോക്സ് സഭയിലെ ആത്മീയ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന ബിന്ദു സണ്‍ഡേസ്‌കൂള്‍ അധ്യാപികയുമാണ്. പുളിക്കീഴ് ഡിവിഷനിലെ ആദ്യ ജില്ലാപഞ്ചായത്ത് അംഗം നിരണം തോമസിന്റെ മകന്റെ ഭാര്യയാണ് ഡാലിയ. ഭര്‍ത്താവ് സുരേഷ് കടപ്ര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ചു. ഗള്‍ഫിലടക്കം നഴ്സിങ് ട്യൂട്ടറായി ഡാലിയ ജോലി ചെയ്തു. തിരുവല്ല എസ്.എന്‍.ഡി.പി.യൂണിയന്‍ വൈസ് ചെയര്‍പേഴ്സണാണ് മിനു. തയ്യല്‍തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു.