തിരുവല്ല: സ്ഥാനാര്‍ഥിയാണെങ്കിലും ശിവദാസന്‍ ഏതുപാര്‍ട്ടിക്കുവേണ്ടിയും ചുവരെഴുതും. പ്രചാരണത്തിരക്കിനിടെ ചുവരെഴുത്തിന് സമയമോ എന്നുചോദിച്ചാല്‍ ജീവിതമാര്‍ഗം മുടങ്ങാതിരിക്കണ്ടേയെന്ന് ചിരിയോടെ മറുപടി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ മേപ്രാല്‍ ഡിവിഷനില്‍ നിന്നുള്ള എന്‍.ഡി.എ. സ്ഥാനാര്‍ഥിയാണ് ടി.ജി. ശിവദാസന്‍. സ്വന്തം പേരിലുള്ള ചുവരെഴുത്തിന് പുറമേ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും ശിവദാസന്‍ ചുവരെഴുതുന്നുണ്ട്.

30 വര്‍ഷമായി ചുവരെഴുത്ത് രംഗത്ത് സജീവമായ ശിവദാസന്‍ ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്. ചുവരെഴുത്ത് തിരക്കുകള്‍ക്കിടയിലും ഗൃഹസമ്പര്‍ക്കം ഉള്‍പ്പെടെയുള്ള പ്രചാരണത്തിനും കൃത്യമായി സമയം കണ്ടെത്തും. സേവാഭാരതി പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരവെയാണ് ശിവദാസിനെ തേടി സ്ഥാനാര്‍ഥിത്വം എത്തിയത്.