pramadamപ്രമാടം: യു.ഡി.എഫ്., എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ മാറിമാറി വിജയിപ്പിച്ചിട്ടുള്ള ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനില്‍ ഇത്തവണ ഉശിരേറിയ പോരാട്ടമാണ്. ത്രിതല പഞ്ചായത്തില്‍ 25 വര്‍ഷത്തെ അംഗമായിരുന്ന യു.ഡി.എഫിലെ റോബിന്‍ പീറ്ററും പുതുമുഖമായ എല്‍.ഡി.എഫിലെ രാജേഷ് ആക്ലേത്തും ബി.ജെ.പി. സ്ഥാനാര്‍ഥി വി.എ.സൂരജ് വെണ്‍മേലിലും തമ്മിലാണ് മത്സരം. പ്രമാടം പഞ്ചായത്തിലെ 16 വാര്‍ഡുകളും വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ 15 വാര്‍ഡുകളും തുമ്പമണ്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളും പന്തളം തെക്കേക്കര പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും കോന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും ഓമല്ലൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും ചേരുന്നതാണ് പ്രമാടം ഡിവിഷന്‍. ആകെ 54 വാര്‍ഡുകള്‍.

ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫിന്റെ കൊടുമണ്‍ ഗോപിനാഥന്‍ നായരും റോബിന്‍ പീറ്ററും എലിസബത്ത് അബുവും ഇവിടെനിന്ന് ജയിച്ചിട്ടുണ്ട്. എല്‍.ഡി.എഫിലെ സീമ രാമകൃഷ്ണനും പി.ജെ.അജയകുമാറും മുമ്പ് പ്രമാടം ഡിവിഷനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

റോബിന്‍ പീറ്റര്‍ പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഒരു തവണ ഈ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്. കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പത്തനംതിട്ട ഡി.സി.സി. വൈസ് പ്രസിഡന്റാണ്.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജേഷ് ആക്ലേത്ത് പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചതാണ്. വാഴമുട്ടം യു.പി. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം, എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, പൊതുവിദ്യാലയ ശാക്തീകരണ പ്രവര്‍ത്തകന്‍, ഒയേസ്‌ക ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ജെ.പി.യിലെ വി.എ.സൂരജ് വെണ്‍മേലില്‍ കാതോലിക്കേറ്റ് കോളേജിലെ എ.ബി.വി.പി. പ്രവര്‍ത്തകനായിട്ടാണ് തുടക്കം. എ.ബി.വി.പി. ജില്ലാ പ്രമുഖ്, സംസ്ഥാന സമിതി അംഗം, സംസ്ഥാന സെക്രട്ടറി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറിയാണ്. ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ സഹായിക്കാന്‍ ബി.ജെ.പി. തുടങ്ങിയ ഹെല്‍പ്പ് ഡെസ്‌ക് ഇദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു.

ബോബി ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി, യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി, എന്‍.ഡി.എ. നിയോജകമണ്ഡലം ചെയര്‍മാന് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.