പത്തനംതിട്ട: ബൂത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന വോട്ടര്‍ന്മാരെ അകറ്റുമെന്ന് നേതാക്കള്‍ക്ക് സംശയം. പത്തനംതിട്ട നാരങ്ങാനം 14-ാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിനെക്കുറിച്ചാണ് പരാതി. സര്‍വകക്ഷി യോഗം തീരുമാനപ്രകാരം കണ്ടെത്തിയ അങ്കണവാടിക്ക് പകരം മറ്റൊരുകേന്ദ്രം വേണമെന്നാണ് ആവശ്യം.

കുത്തനെയുള്ള കയറ്റവും ഇറക്കവും കഠിനമാകും. വാഹനം ബൂത്തിനുസമീപം എത്തിക്കാന്‍ പാടുപെടും. മഴ പെയ്താല്‍ പരിസരം വെള്ളക്കെട്ടാകുകയും ചെയ്യും. പതിനാലാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്ത്, അങ്കണവാടി കെട്ടിടത്തില്‍നിന്ന് മാറ്റിയില്ലെങ്കില്‍ പ്രായമായവരും ശാരീരികവിഷമതകള്‍ നേരിടുന്നവരും വോട്ടിടാനെത്തില്ലെന്ന ആകുലതയിലാണ് സ്ഥാനാര്‍ഥികളില്‍ ചിലര്‍. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുടുത്തവരാരും അങ്കണവാടി കണ്ടിരുന്നില്ല.

കെട്ടിടത്തിന് ഒരുവാതില്‍ മാത്രമേ ഉള്ളൂ. കോവിഡ് പശ്ചാത്തലത്തില്‍ വോട്ടിടാനെത്തുന്നവരും തിരിച്ചിറങ്ങുന്നവരും ഒരേവാതില്‍ ഉപയോഗിക്കുന്നതും പ്രശ്‌നമാകും. സെന്റ് തോമസ് മര്‍ത്തോമ്മ പള്ളി ഓഡിറ്റോറിയമോ വെള്ളപ്പാറ ഇ.എ.എല്‍.പി. സ്‌കൂള്‍ കെട്ടിടമോ പോളിങ് ബൂത്തിനായി പരിഗണിക്കണമെന്ന് കാട്ടി യു.ഡി.എഫ്. കളക്ടറെ സമീപിച്ചിട്ടുണ്ട്.