കലഞ്ഞൂര്‍(പത്തനംതിട്ട): കേരളത്തിലെ നൂറുകണക്കിന് ഗ്രാമപ്പഞ്ചായത്തുകളില്‍ ദേശീയ ജനാധിപത്യസഖ്യം(എന്‍.ഡി.എ) അധികാരത്തിലെത്തുമെന്ന് ബി.ജെ.പി. ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍.ഡി.എ. കലഞ്ഞൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. അധമരാഷ്ട്രീയവും എല്‍.ഡി.എഫ്. അധോലോക രാഷ്ട്രീയപ്രവര്‍ത്തനവുമാണ് നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണവും സ്വര്‍ണക്കടത്തും തടയാന്‍ പരിശ്രമിക്കുമ്പോള്‍ കേരളത്തില്‍ ഔദ്യോഗികപദ്ധതിയായി സ്വീകരിച്ചിരിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. അരുണ്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി നായര്‍, ടി.ആര്‍.അജിത്കുമാര്‍, പി.ഡി. പദ്മകുമാര്‍, ജി. സോമനാഥന്‍, ആര്‍. ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിജിലന്‍സ് കണ്ടെത്തിയ കാര്യങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണം 

പത്തനംതിട്ട : കെ.എസ്.എഫ്.ഇ.യില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിശാദാംശങ്ങള്‍ ജനങ്ങളോട് തുറന്നുപറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.കെ.കൃഷ്ണദാസ്.

കെ.എസ്.എഫ്.ഇ.യില്‍ നടക്കുന്ന തട്ടിപ്പുകളേക്കുറിച്ച് കേന്ദ്ര ഏജന്‍സിയല്ല അന്വേഷിക്കുന്നത്, സംസ്ഥാനസര്‍ക്കാരിന്റെ വിജിലന്‍സാണ്.

ഒരാഴ്ചയിലേറെ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കും ഇപ്പോള്‍ കെ.എസ്.എഫ്.ഇ.യെക്കുറിച്ച് വലിയസംശയങ്ങള്‍ ഉണ്ട്.ഈ ധനകാര്യസ്ഥാപനത്തിന്റെ വിശ്വാസ്യതയും സുരക്ഷിതത്വവുമാണ് അപകടത്തിലായിരിക്കുന്നത്. മാര്‍ക്സിസ്റ്റ്പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നമല്ല ഇത് .കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്- പി.കെ.കഷ്ണദാസ് പറഞ്ഞു. ബി.ഡി.ജെ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പദ്മകുമാര്‍, ബി.ജെ.പി മേഖലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍, വിജയകുമാര്‍ മണിപ്പുഴ, ടി.ആര്‍. അജിത് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.