പത്തനംതിട്ട: അവസാന വാര്‍ഡിലെ ഫലമെത്തുംവരെ ആകാംക്ഷ നിറഞ്ഞതായിരുന്നു പത്തനംതിട്ട നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലം. ഒരു മുന്നണിക്കും ഭൂരിപക്ഷം കൊടുക്കാതെ ജനം വിധിയെഴുതി. യു.ഡി.എഫിന്റെ കോട്ടയില്‍ മുന്നണിക്കേറ്റ തിരിച്ചടി കൂടിയായി ഫലം. 32 അംഗ നഗരസഭയില്‍ 17 സീറ്റുകളാണ് ഭരിക്കാന്‍ വേണ്ടത്. യു.ഡി.എഫ്.-13, എല്‍.ഡി.എഫ്.-13, എസ്.ഡി.പി.െഎ.-3, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് സീറ്റ് നില. ഒരു ഘട്ടത്തില്‍ എല്‍.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷം നേടി ഭരണം നേടുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് യു.ഡി.എഫ്. ഒപ്പമെത്തുകയായിരുന്നു. ഇതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടത്. മൂന്ന് വാര്‍ഡുകളില്‍ വിജയിച്ച എസ്.ഡി.പി.െഎ.യുടെയും മൂന്ന് സ്വതന്ത്രരുടെയും നിലപാടാകും ഇനി നിര്‍ണായകമാകുക. സ്വതന്ത്രരില്‍ കെ.ആര്‍.അജിത്ത് കുമാറും ഇന്ദിരാമണിയമ്മയും യു.ഡി.എഫ്. വിമതരാണ്. ആമിനാ ഹൈദരാലി എസ്.ഡി.പി.െഎ. പിന്തുണച്ച സ്വതന്ത്രസ്ഥാനാര്‍ഥിയും. യു.ഡി.എഫ്. വിമതര്‍ മുന്നണിക്കൊപ്പം ചേരുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.
യു.ഡി.എഫിന് നഷ്ടം, എല്‍.ഡി.എഫിന് നേട്ടം
കഴിഞ്ഞ തവണ 24 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ യു.ഡി.എഫിന് 11 സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. മാത്രമല്ല പ്രമുഖരില്‍ പലരും തോല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ഭരണസമിതിയില്‍ രണ്ട് സീറ്റുകളുണ്ടായികുന്ന മുസ്ലിം ലീഗിന് ഇക്കുറി ഒന്നും കിട്ടിയില്ല. യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ 10-ാം വാര്‍ഡിലും ഡി.സി.സി. ജനറല്‍ സെക്രട്ടറി അനില്‍ തോമസ് 15-ാം വാര്‍ഡിലും കെ.എസ്.യു. ജില്ലാ പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ അന്‍സാര്‍ മുഹമ്മദ് 14-ാം വാര്‍ഡിലും മുന്‍ കൗണ്‍സിലറായ ഷൈനി ജോര്‍ജ് മൂന്നാം വാര്‍ഡിലും തോറ്റു.
മുന്‍പ് അധ്യക്ഷപദവി വഹിച്ചിരുന്ന യു.ഡി.എഫിലെ എ.സുരേഷ് കുമാര്‍, റോസ്ലിന്‍ സന്തോഷ് എന്നിവര്‍ വിജയിച്ചു. എട്ടു സീറ്റുകളിലൊതുങ്ങിയിരുന്ന എല്‍.ഡി.എഫ്. ഇത്തവണ അഞ്ച് സീറ്റുകള്‍ കൂടി അധികമായി നേടി.
മുന്‍ കൗണ്‍സിലറായ ഹരീഷ് നാലാം വാര്‍ഡില്‍ തോറ്റു. കേരള കോണ്‍ഗ്രസുകാര്‍ നേരിട്ട് ഏറ്റുമുട്ടിയ 16, 18 വാര്‍ഡുകളില്‍ ജോസ് പക്ഷം ഇടതിന് വിജയം സമ്മാനിച്ചു.
കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രമുണ്ടായിരുന്ന എസ്.ഡി.പി.െഎ. ഇത്തവണ സ്വതന്ത്രനുള്‍െപ്പടെ നാല് സീറ്റുകളിലാണ് വിജയിച്ചത്. രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമാണ് ബി.ജെ.പി.യുടെ നേട്ടം.