പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 32 സീറ്റുകളില്‍ 20 സീറ്റില്‍ സി.പി.എം. മത്സരിക്കും. അടുത്തയിടെ മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് അഞ്ച് സീറ്റാണ് നല്‍കിയിരിക്കുന്നത്. സി.പി.എം. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകള്‍ വിട്ടുകൊടുത്താണ് സമവായമുണ്ടാക്കിയത്. സി.പി.െഎ. നാല് സീറ്റിലും കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവര്‍ ഓരോ സീറ്റുകളില്‍ വീതവും മത്സരിക്കും. സി.പി.െഎ. 10, 21, 24, 27 വാര്‍ഡുകളിലും കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം 5, 6, 18, 28, 30 വാര്‍ഡുകളിലും ജനതാദള്‍ 29, ജനാധിപത്യ കേരള കോണ്‍ഗ്രസ് 26-ലും കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് 15-ാം വാര്‍ഡിലു ബാക്കി വാര്‍ഡുകളിലും മത്സരിക്കും. അതേസമയം സി.പി.എം. മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.

യു.ഡി.എഫില്‍ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 22 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് സൂചന. ഏഴ് സീറ്റുകളില്‍ തര്‍ക്കം തുടരുന്നുണ്ട്. റിബലായി നിന്ന് ജയിച്ചവരെ വീണ്ടും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിനെച്ചൊല്ലിയാണ് രണ്ടിടത്ത് പ്രശ്‌നം. എന്‍.ഡി.എ.യില്‍ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. മൂന്ന് സീറ്റാണ് ബി.ഡി.ജെ.എസിന് നല്‍കിയിരിക്കുന്നത്. ബാക്കി സീറ്റുകളില്‍ ബി.ജെ.പി. മത്സരിക്കും. രണ്ട് ദിവസത്തിനകം മുഴുവന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് എന്‍.ഡി.എ. ക്യാമ്പ് നല്‍കുന്ന വിവരം.