പത്തനംതിട്ട: യു.ഡി.എഫിന്റെ ആധിപത്യം തകര്‍ത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ചെങ്കൊടി പാറിച്ച് എല്‍.ഡി.എഫ്. യു.ഡി.എഫിനെ ബഹുദൂരം പിന്നിലാക്കിയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. മുന്നേറിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സാന്നിധ്യം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതില്‍ എല്‍.ഡി.എഫിന് നിര്‍ണായകമായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയായിരുന്നു എല്‍.ഡി.എഫിന്റെ മുന്നേറ്റം.  

ജോസ്-ജോസഫ് വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ റാന്നി, പുളിക്കീഴ് ഡിവിഷനുകളില്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ മലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. 1477 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിലെ സി.കെ. ലതാകുമാരിയോടാണ് വിബിത ബാബു പരാജയപ്പെട്ടത്. 

നഗരസഭകളില്‍ അടൂരില്‍ മാത്രമാണ് ഇത്തവണ എല്‍.ഡി.എഫിന് ഭരണം പിടിക്കാനായത്. എല്‍.ഡി.എഫും യു.ഡി.എഫും 11 വീതം സീറ്റുകള്‍ നേടിയ അടൂരില്‍ ഇടത് സ്വതന്ത്രരാണ് എല്‍.ഡി.എഫിനെ തുണച്ചത്. അതിനിടെ, ഭരണത്തിലിരുന്ന പന്തളം നഗരസഭ ബി.ജെ.പി. പിടിച്ചെടുത്തത് എല്‍.ഡി.എഫിന് കനത്ത ആഘാതമായി. 18 സീറ്റുകള്‍ നേടിയാണ് പന്തളം നഗരസഭയില്‍ ബി.ജെ.പി. ഭരണം പിടിച്ചത്. പത്തനംതിട്ടയില്‍ എല്‍.ഡി.എഫും യുഡി.എഫും 13 വീതം സീറ്റുകള്‍ നേടി. എസ്.ഡി.പി.ഐ മൂന്ന് സീറ്റുകളില്‍ വിജയിച്ചു. മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി. പത്തനംതിട്ടയില്‍ ആരു ഭരിക്കുമെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. തിരുവല്ല നഗരസഭയില്‍ യുഡിഎഫ് 16-ഉം എല്‍.ഡി.എഫ് പത്ത് സീറ്റുകളും നേടി. 

എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറെണ്ണവും എല്‍ഡിഎഫിനൊപ്പമാണ്. കോയിപ്രം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡ് ലഭിച്ചത്. കഴിഞ്ഞ തവണ ഇരുമുന്നണികളും നാല് വീതം ബ്ലോക്ക് പഞ്ചായത്തുകളാണ് ഭരിച്ചിരുന്നത്. 

പഞ്ചായത്തുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. 23 വീതം പഞ്ചായത്തുകളിലാണ് ഇരുമുന്നണികളും ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബി.ജെ.പി. മൂന്ന് പഞ്ചായത്തുകളിലും മുന്നേറി. കഴിഞ്ഞ തവണ ഭരണം പിടിച്ച കുളനട പഞ്ചായത്ത് ബി.ജെ.പി. നിലനിര്‍ത്തിയെങ്കിലും കുറ്റൂര്‍, നെടുമ്പ്രം എന്നീ പഞ്ചായത്തുകള്‍ കൈവിട്ടു. ചെറുകോലിലും കോട്ടാങ്ങലിലുമാണ് ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 

Content Highlights: pathanamthitta local body election result 2020 latest update