പത്തനംതിട്ട: ഒരുവോട്ട് ചെയ്യാനായി ഗൾഫിലെ ജോലി ഉപേക്ഷിച്ചു വരിക എന്നത് സങ്കല്പങ്ങൾക്കും അപ്പുറം. പോളിങ് ബൂത്തിലേക്കുള്ള ഈ വോട്ടറുടെ വരവും നോക്കി പാതയുടെ ഇരുപുറവും കാത്തുനിന്നത് ചെറുതല്ലാത്ത ജനക്കൂട്ടവും. അപ്പോഴേക്കും മാന്തുകയിലെ പോളിങ് ബൂത്തിൽ പോളിങ് ശതമാനം മുക്കാൽ പങ്കും പൂർത്തിയായിരുന്നു. കാത്തുനിന്നവരെ നിരാശരാക്കാതെ ഒടുവിൽ വോട്ടർ എത്തി. ആർപ്പുവിളികളും മുഴങ്ങി. പി.പി.ഇ. കിറ്റും ധരിച്ച് ബൈക്കോടിച്ച് എത്തിയത് അനന്ത മോഹൻ എന്ന വോട്ടർ. ബൂത്തിനു അരികിൽ ബൈക്ക് നിർത്തി അകത്തേക്ക് കടന്ന അനന്ത മോഹൻ ഞൊടിയിടയിൽ സമ്മതിദാന അവകാശം രേഖപെടുത്തി. പുറത്തേക്ക് ഇറങ്ങവേ വിജയ ചിഹ്നവും കാട്ടി. പിന്നെ തിരികെ ക്വാറന്റീനിലേക്ക് ഇദ്ദേഹം പ്രവേശിച്ചു. കുളനട പഞ്ചായത്തിലെ രണ്ടാംവാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ ആണ് നാടകീയത നിറഞ്ഞ രംഗങ്ങൾ അരങ്ങേറിയത്.

ബഹറിനിൽ ഇലക്ട്രീഷ്യൻ ആയ അനന്തമോഹൻ ചൊവ്വാഴ്ച പുലർച്ചയാണ് നാട്ടിൽ എത്തിയത്. സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച ഈ യുവാവ് വോട്ട് ചെയ്യാനുള്ള താത്‌പര്യം അധികൃതരെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അനുമതിയോടെയാണ് ചൊവ്വാഴ്ച വൈകീട്ട് 5.40-ന് ബൂത്തിൽ എത്തിയത്. മാന്തുക സ്വദേശിയായ ഈ ഇരുപത്തിയാറുകാരന്റെ കന്നി വോട്ട് കൂടിയായിരുന്നു ഇത്. പ്രത്യേക പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

ജില്ലയിൽ വിവിധ ഇടങ്ങളിലും ക്വാറന്റീനിൽ കഴിഞ്ഞിരുന്നവർ വോട്ട് രേഖപ്പെടുത്തി.