പത്തനംതിട്ട: എല്ലായിടത്തും വിജയിച്ചുനിന്ന കോവിഡ് ഒരു ദിവസത്തേക്കെങ്കിലും തോറ്റു. ജില്ലയിലെ വോട്ടർമാർ മാസ്ക് ധരിച്ച്, കൈകളിൽ സാനിറ്റൈസർ അടിച്ച് സാമൂഹിക അകലം പാലിച്ച് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ പരിചിതമല്ലാത്ത കാഴ്ചയിൽ മഹാമാരി പോലും പതറിപ്പോയി. തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയിരിക്കുന്ന അവസാന കണക്കനുസരിച്ച് 69.75 ശതമാനമാണ് ജില്ലയിലെ ആകെ പോളിങ്. അന്തിമകണക്കാകുമ്പോഴേക്കും ഇതിൽ മാറ്റമുണ്ടായേക്കും. 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആകെ 10,78,647 വോട്ടർമാരിൽ 7,52,338 പേർ വോട്ട് ചെയ്തു. 70.78 ശതമാനം പുരുഷന്മാരും 68.85 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

2015-ൽ 72.8 ശതമാനമായിരുന്നു പോളിങ്. നഗരസഭ, ബ്ലോക്ക്, ഗ്രാമസഭ കണക്കിൽ കഴിഞ്ഞ തവണത്തേതിലും രണ്ട് ശതമാനത്തിലധികത്തിന്റെ കുറവുണ്ടെങ്കിലും കോവിഡ് കാലത്ത് 69.75 ശതമാനമെന്നത് അപ്രതീക്ഷിതമാണ്. രാഷ്ട്രീയപാർട്ടികളാകട്ടെ ഈ വലിയ പോളിങ്ങിന്റെ ഞെട്ടലിൽനിന്ന് മോചിതരായിട്ടില്ല. തങ്ങൾക്ക് അനുകൂലമെന്ന് മുന്നണികൾ മൂന്നും വിലയിരുത്തുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൂട്ടലിലേക്ക് ആരും എത്തിയിട്ടില്ല.

നേരത്തെ എത്താൻ കോവിഡും കാരണം

പോളിങ് സ്റ്റേഷനിലേക്ക് രാവിലെ 11-ന് മുൻപേ ആളൊഴുകിയെത്തി. പ്രായഭേദമെന്യേയായിരുന്നു വരവ്. ഉച്ചകഴിഞ്ഞാൽ കോവിഡ് രോഗികളെത്തുമെന്ന ഭയമാകാം കാരണമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. രണ്ടുമണികഴിഞ്ഞപ്പോൾ പലയിടത്തും വോട്ടർമാരുടെ വരവ് നിലച്ചു തുടങ്ങി. നാലിന് ശേഷം തീരെക്കുറവായിരുന്നു. ഉച്ചയ്ക്ക് ശേഷം വിരലിലെണ്ണാൻ സ്ത്രീവോട്ടർമാർ മാത്രമാണ് എത്തിയത്.

അവസാന മണിക്കൂർ മഴയെടുത്തു

ഇലന്തൂർ മുതൽ പടിഞ്ഞാറോട്ട് വോട്ടെടുപ്പിന്റെ അവസാനമണിക്കൂറുകൾ മഴയെടുത്തു. നാലരയോടെ തുടങ്ങിയ കനത്ത മഴ അവസാനിച്ചത് ആറേകാലോടെയാണ്. ഈ സമയത്തൊക്കെ ബൂത്തുകളൊക്കെ കാലിയായി. മഴക്കാർ കണ്ടതോടെ രാഷ്ട്രീയപ്രവർത്തകരും പലയിടത്തുനിന്നും സ്ഥലംവിട്ടിരുന്നു. അതിനാൽ പെട്ടിയുമായി ഉദ്യോഗസ്ഥർ പോകുന്നത് ആകാംക്ഷയോടെ നോക്കിനിൽക്കുന്ന പതിവ് കാഴ്ചകളും കുറഞ്ഞു.

നഗരസഭയിലെ ഇത്തവണത്തെ കണക്ക്

(2015ലേത് ബ്രായ്ക്കറ്റിൽ)

പത്തനംതിട്ട നഗരസഭയിൽ 71.49(73.3) തിരുവല്ല 64.68( 67.6 ), അടൂർ 68.42(72.13), പന്തളം 76.67(77.45)

ബ്ലോക്ക് പഞ്ചായത്ത് ഇത്തവണത്തെ കണക്ക്

(2015ലേത് ബ്രായ്ക്കറ്റിൽ)

പുളിക്കീഴ് ബ്ലോക്കിൽ 70.48(72.41), മല്ലപ്പള്ളി 67.76(71.31), കോയിപ്രം 66.16(69.57), റാന്നി 70.16(73.49), ഇലന്തൂർ 69.59 (72.33), പറക്കോട് 70.59 (74.47), പന്തളം 70.94(73.72), കോന്നി 71.6(74.3)

ഗ്രാമപ്പഞ്ചായത്തുകൾ ഇത്തവണത്തെ കണക്ക്

ആനിക്കാട്-66.93, കവിയൂർ-72.05, കൊറ്റനാട്- 66.01, കല്ലൂപ്പാറ-67.37, കോട്ടാങ്ങൽ-69.76, കുന്നന്താനം-65.61, മല്ലപ്പള്ളി-65.58, കടപ്ര-67.23, കുറ്റൂർ-69.44, നിരണം-72.71, നെടുമ്പ്രം-72.57, പെരിങ്ങര-72.08,

അയിരൂർ-65.01, ഇരവിപേരൂർ-65.95, കോയിപ്രം-66.03, തോട്ടപ്പുഴശേരി-70.14, എഴുമറ്റൂർ-65, പുറമറ്റം-66.2, ഓമല്ലൂർ-73.88, ചെന്നീർക്കര-69.78, ഇലന്തൂർ-68.69, ചെറുകോൽ-69.37, കോഴഞ്ചേരി-65.1, മല്ലപ്പുഴശേരി-69.13, നാരങ്ങാനം-69.67, റാന്നി-പഴവങ്ങാടി-65.29, റാന്നി-69.63, റാന്നി അങ്ങാടി-62.82, റാന്നി പെരുനാട്-72.51, വടശേരിക്കര-70.36, ചിറ്റാർ-75.16, സീതത്തോട്-75.26, നാറാണംമൂഴി-69.97, വെച്ചൂച്ചിറ-72.08, കോന്നി-71.01, അരുവാപ്പുലം-69.69, പ്രമാടം-72.45, മൈലപ്ര-71.03, വള്ളിക്കോട്-73.48, തണ്ണിത്തോട്-71, മലയാലപ്പുഴ-71.95, പന്തളം തെക്കേക്കര-74.83, തുമ്പമൺ-73.32, കുളനട-70.71, ആറന്മുള-68.57, മെഴുവേലി-69.94, ഏനാദിമംഗലം-72.24, ഏറത്ത്-71.92, ഏഴംകുളം-69.91, കടമ്പനാട്-71.9, കലഞ്ഞൂർ-69.41, കൊടുമൺ-72.23, പള്ളിക്കൽ-68.64 .