പത്തനംതിട്ട: വോട്ടെടുപ്പിന് മുൻപേതന്നെ വിമതൻമാരെ പുറത്താക്കിയ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ പക്കൽ മുദ്രപ്പത്രത്തിന്റെ 'വിപുലമായ ശേഖരവും'. 200 രൂപയുടെ മുദ്രപ്പത്രത്തിലെല്ലാം ഒരേവാക്യങ്ങൾ. താഴെ ഒപ്പിട്ടിട്ടുള്ള സ്ഥാനാർഥിയുടെ പേരിലും വാർഡിലും മാത്രം മാറ്റം. തിരഞ്ഞെടുപ്പിൽ ജയിച്ചശേഷം പാർട്ടിയെ മറക്കാതിരിക്കാനാണ് മുൻകൂട്ടിയുള്ള ഈ ഉറപ്പ് വാങ്ങൽ.

കോൺഗ്രസിന്റെ നയങ്ങൾ അനുസരിച്ച് പെരുമാറുമെന്നും വിപ്പ് ലംഘനം നടത്തുകയില്ലെന്നുമാണ് സ്ഥാനാർഥികൾ എഴുതി ഒപ്പിട്ട കരാറിന്റെ ഉള്ളടക്കം. നിയമപരമായ പിൻബലം കിട്ടുമോയെന്ന് ഉറപ്പില്ലെങ്കിലും പ്രധാനമുന്നണികളിലെ ചില ഘടകക്ഷികളും ഇത്തരം രീതികളുടെ മാതൃക സ്വീകരിച്ചിട്ടുണ്ട്.

ജില്ലാപ്പഞ്ചായത്തിൽ വിമതശല്യം നേരിട്ടത് ഇക്കുറി യു.ഡി.എഫിന് മാത്രമാണ്. റാന്നി ഡിവിഷനിൽ കേരള കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ മത്സരരംഗത്തെത്തിയത് കോൺഗ്രസ് നേതാവാണ്. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് മാത്യുവിനെ (ബെന്നി പുത്തൻപറന്പിൽ) പുറത്താക്കിയ കോൺഗ്രസ് നേതൃത്വം അടുത്ത ദിനങ്ങളിലും ജില്ലയിൽ നടപടി കടുപ്പിച്ചു. പത്തനംതിട്ട നഗരസഭയിലെ 29-ാം വാർഡിൽ വിമതനായെത്തിയ കോൺഗ്രസ് നേതാവ് കെ.ആർ. അജിത് കുമാറും പുറത്തായവരിലുൾപ്പെടുന്നു. അടൂരിൽ മുൻ കൗൺസിലർ അലാവുദ്ദീനും പാർട്ടി നടപടി നേരിട്ടു.

റിബലുകളുടെ സാന്നിധ്യം നേരത്തെ കുറവായിരുന്ന സി.പി.എമ്മിലും വിമതരുടെ സാന്നിധ്യമുണ്ടായി. വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തിൽ വിമതനായി മത്സരിക്കാനിറങ്ങിയ പാർട്ടി ലോക്കൽ കമ്മിറ്റിയംഗം ജേക്കബ് ടി. മാമ്മനെ സി.പി.എം. പുറത്താക്കി. തോട്ടപ്പുഴശ്ശേരിയിൽ ഇടതുസ്ഥാനാർഥിക്കെതിരേ മത്സരിച്ച ലോക്കൽ കമ്മിറ്റിയംഗം സി.എസ്. ബിനോയിക്കെതിരേയും നടപടിയുണ്ടായി. സി.പി.ഐ.യും റിബലുകളെ വെറുതെ വിട്ടില്ല.

ഇലയനക്കം കാണാതെ

അടൂർ നഗരസഭയിലെ 26-ാം വാർഡിൽ വിചിത്രമായ സംഭവമുണ്ടായി. ഇവിടെ സി.പി.എം. സ്വതന്ത്ര സ്ഥാനാർഥിയായ വനിതയ്കെതിരേ രണ്ടില ചിഹ്നത്തിൽ മത്സരാർഥിയെത്തി. സി.പി.എം. നേതൃത്വം ഇത് കണ്ടില്ലെന്ന് നടിച്ചു. 'ഈ നടപടി മുന്നണി മര്യാദയുടെ ലംഘനമല്ലേ സഖാവേ' എന്ന അണികളുടെ ചോദ്യത്തോട് സി.പി.എം. ജില്ലാ നേതാക്കളുടെ മറുപടിയും കൗതുകമായിരുന്നു.

രണ്ടിലക്കാരൻ യു.ഡി.എഫ്. വോട്ടുകളാണ് പിടിച്ചെടുക്കുന്നതെന്നും ഇത് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിക്ക് ഗുണം ചെയ്യുമെന്നുമാണ് നേതാക്കളിൽ ചിലർ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം മറിച്ചായാൽ ഇതേ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കും കളമൊരുങ്ങും. ജനറൽ വാർഡായ 26-ലെ ആറുസ്ഥാനാർഥികളിൽ അഞ്ചുപേരും പുരുഷൻമാരാണ്. ഇതിൽ കോൺഗ്രസ് റിബലുകളായി രണ്ടുപേർ രംഗത്തുണ്ട്. വിമതരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും ആറുവർഷത്തേക്കാണ് കോൺഗ്രസ് പുറത്താക്കിയത്. റിബലുകൾ തിരഞ്ഞെടുപ്പിൽ ജയിച്ചാൽപോലും ഇവരുടെ പിന്തുണ സ്വീകരിക്കില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് പറയുന്നു.