പത്തനംതിട്ട: പൊതുവായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുപകരം ഓരോ തദ്ദേശസ്ഥാപനത്തിനും അനുയോജ്യമായവ ആവിഷ്‌കരിക്കണമെന്ന അഭിപ്രായവുമുയരുന്നു. വോട്ടര്‍മാരുടെ വിധിയെഴുത്തിന് ശേഷിക്കുന്നത് ഏതാനും നാളുകള്‍ മാത്രം. തിരഞ്ഞെടുപ്പ് പൂരത്തിനിടയില്‍ വ്യത്യസ്തമായ സംവാദമാണ് പത്തനംതിട്ടയില്‍ അരങ്ങേറിയത്. അഭിപ്രായങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയഭേദമില്ലായിരുന്നു.

വേണ്ടത് വൈവിധ്യം

ഗ്രാന്റുകള്‍ക്കായി നോക്കിയിരിക്കുന്ന സ്ഥാപനമായി തദ്ദേശസ്ഥാപനങ്ങള്‍ അധഃപതിക്കരുത്. പദ്ധതി തുകയില്‍ മാത്രം ആശ്രയിക്കാതെ തനത് വിഭവശേഷി വര്‍ധിപ്പിക്കണം. പ്രാദേശിക വ്യത്യസ്തതകള്‍ തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യണം. പദ്ധതികളുടെ നടത്തിപ്പില്‍ തെക്കന്‍ ജില്ലകളേക്കാള്‍ വൈവിധ്യം മലബാര്‍ മേഖലയിലാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായ തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ ഇത് സാധ്യമാകൂ. തദ്ദേശ സ്ഥാപനത്തിലെ അംഗത്തിന്റെ റോള്‍ എന്താണെന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ അംഗവും കൃത്യമായി ആദ്യമേ മനസ്സിലാക്കണം. അംഗങ്ങള്‍ മിക്കപ്പോഴും അവരുടെ അധികാരങ്ങളെയും ചുമതലകളെയും കുറിച്ച് ബോധവാന്‍മാരല്ല. ഉദ്യോഗസ്ഥരുടെ താത്പര്യങ്ങളാണ് പലയിടത്തും നടപ്പാക്കപ്പെടുന്നത്. കാര്യമറിയാതെ ഒപ്പിട്ട് കൊടുക്കുന്ന വിഭാഗമായി ജനപ്രതിനിധികള്‍ തരംതാഴരുത്. പഞ്ചായത്തുകള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ താത്പര്യം കാട്ടാറില്ല. പല കമ്മിറ്റികളെയും സ്വാധീനിക്കുന്നത് ക്വാറി ഉടമകളാണ്. ചിലയിടങ്ങളില്‍ ക്വാറി ഉടമകളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെന്ന ആരോപണവുമുണ്ട്. ഇത് നാടിന് നന്നല്ല. ജില്ലാ പഞ്ചായത്തുകള്‍ വികസന കണക്കുകള്‍ നിരത്താറുണ്ടെങ്കിലും ഉപയോഗിക്കപ്പെടാതെപോകുന്ന ഫണ്ടുകളെക്കുറിച്ച് മിണ്ടാറില്ല. ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രസക്തിയില്ലാത്ത സ്ഥാപനമായി മാറരുത്. കോവിഡാനന്തര കാലഘട്ടമാണെന്ന് തിരിച്ചറിഞ്ഞുള്ള തയ്യാറെടുപ്പാണ് പുതിയ അംഗങ്ങളില്‍നിന്ന് നാട് പ്രതീക്ഷിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രദ്ധകാട്ടണം.

പീലിപ്പോസ് തോമസ്

മുന്‍ ആസൂത്രണബോര്‍ഡംഗം, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍

ജനഹിതം പ്രതിഫലിക്കണം

ഓരോ പ്രദേശത്തെയും ജനഹിതം പ്രതിഫലിക്കുന്നതായിരിക്കണം തദ്ദേശസ്ഥാപനങ്ങളിലെ തീരുമാനങ്ങള്‍. പദ്ധതി വിനിയോഗത്തിലെ പതിവ് രീതിയില്‍ മാറ്റം വരുത്താന്‍ പഠനം വേണം. സ്‌കൂളിനേക്കാള്‍ വലിയ മതില്‍ തീര്‍ത്ത് പദ്ധതി തുക ചെലവാക്കുന്ന രീതി എതിര്‍ക്കപ്പെടണം. ഇന്ത്യന്‍ പഞ്ചായത്ത് സര്‍വീസ് എന്ന മട്ടില്‍ പുതുമാതൃക തീര്‍ത്ത് താഴെതട്ടില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. മാലിന്യസംസ്‌കരണത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ നവീനതകള്‍ മാതൃകയാക്കണം. തനത് വരുമാനം കൂട്ടാന്‍ പുതിയ നടപടികള്‍ ആവിഷ്‌കരിക്കാന്‍ ഇനിയും വൈകിയാല്‍ പഞ്ചായത്തുകളുള്‍പ്പെടെ കടക്കെണിയിലാകും. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് വിറ്റഴിക്കാനുളള വിപണികള്‍ കണ്ടെത്തണം.

ജോസഫ് എം. പുതുശ്ശേരി,

മുന്‍ എം.എല്‍.എ.

വിലയിരുത്തപ്പെടണം

പ്രചാരണസമയത്ത് ഓരോ മുന്നണികളും പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. ഇത് എത്രമാത്രം നടപ്പാക്കപ്പെട്ടുവെന്ന വിലയിരുത്തല്‍ ആവശ്യമാണ്. തിരഞ്ഞെടുപ്പില്‍ ദന്പതിമാരുടെ കുത്തകയായി ഒരു വാര്‍ഡും മാറരുത്. ഗ്രാമീണ റോഡുകളിലെ തകര്‍ച്ചകളുടെ ഉത്തരവാദിത്വം അത് നിര്‍മിച്ചവര്‍ക്കാകണം. കമ്മീഷന്‍ വാങ്ങാനുള്ള അവസരമായി പാതകളുടെ നിര്‍മാണത്തെ കാണരുത്. വെയിറ്റിങ് ഷെഡിനോട് ചേര്‍ന്ന് വൃത്തിയുള്ള ശൗചാലയങ്ങളും സ്ഥാപിക്കണം.

ഡോ. എം.എസ്.സുനില്‍,

സാമൂഹികപ്രവര്‍ത്തക

പാകപ്പിഴവ്

ഗ്രാമസഭകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ പാകപ്പിഴവുണ്ടാകുന്നു. ഇത് പ്രവര്‍ത്തനങ്ങളെ തകിടംമറിക്കുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലുള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികള്‍ ഭാവനാപൂര്‍ണമായ തയ്യാറെടുപ്പുകള്‍ നടത്തണം.

ഷാജി ആര്‍.നായര്‍,

ബി.ജെ.പി. മേഖലാ ജനറല്‍ സെക്രട്ടറി

പുതുമ വേണം

പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടേണ്ടത് അനിവാര്യമാണ്. സാധാരണക്കാര്‍ നേരിടുന്ന ദുരിതം പരിഹരിക്കാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. എന്നാല്‍ പഞ്ചായത്തുകളുടെ അധികാരസ്വാതന്ത്ര്യം പലപ്പോഴും ഹനിക്കപ്പെടാറുണ്ട്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വിലങ്ങുതടിയാകുന്നു.

ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പത്തനംതിട്ട