പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ നടന്ന സ്ഥാനാര്‍ഥികളുടെ സംവാദം വാക്പോരിന് വേദിയായി. ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ്, സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം കെ. അനന്തഗോപന്‍, ബി.ജെ.പി. ജില്ലാജനറല്‍ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്.

പ്രതീക്ഷ വാനോളം

2015-നേക്കാള്‍ ചരിത്രജയമാണ് ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് അനന്തഗോപന്‍ അവകാശപ്പെട്ടു. ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങള്‍ക്കൊപ്പം യു.ഡി.എഫ്. ഭരണസമിതികളുടെ വീഴ്ചകളും ചര്‍ച്ചയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശുഭപ്രതീക്ഷയോടെയാണ് യു.ഡി.എഫ്. ജനവിധി തേടുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ് വ്യക്തമാക്കി. സ്പ്രിംക്ളര്‍ വിവാദം മുതല്‍ പമ്പാ മണല്‍ക്കടത്ത് വരെയുള്ള ഇരുപതോളം ആരോപണങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പി. ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന് വിജയകുമാര്‍ പ്രഖ്യാപിച്ചപ്പോള്‍ അങ്ങനെ സംഭവിക്കില്ലെന്ന് ബാബുവിന്റെ മറുപടി. മലര്‍പൊടിക്കാരന്റെ സ്വപ്നമാണ് ബി.ജെ.പിയുടേതെന്ന് അനന്തഗോപനും തിരിച്ചടിച്ചു. ബി.ജെ.പി. അക്കൗണ്ട് തുറന്നാല്‍ തല മൊട്ടയടിക്കാന്‍ തയ്യാറുണ്ടോയെന്ന് വിജയകുമാര്‍ വെല്ലുവിളിച്ചു. പന്തയം ഇത്തിരി കടന്നുപോയോയെന്ന മട്ടില്‍ അദ്ദേഹം, ഉടനെ വെല്ലുവിളിയുടെ കനം ഇത്തിരി കുറച്ചു. ബി.ജെ.പി.ക്ക് ജില്ലാ പഞ്ചായത്തില്‍ പ്രതിനിധിയെ ജയിപ്പിക്കാനായില്ലെങ്കില്‍ ഡി.സി.സി. പ്രസിഡന്റിനെ താന്‍ മാല അണിയിക്കുമെന്ന് വിജയകുമാര്‍ വ്യക്തമാക്കി. തനിക്ക് മാല ഉറപ്പായിയെന്നായിരുന്നു ഡി.സി.സി. പ്രസിഡന്റിന്റെ പ്രതികരണം.

ബിനീഷോ, അതാര്?

ബിനീഷ് കോടിയേരിയുടെ പേരും സംവാദത്തില്‍ ഉയര്‍ന്നു. ഇതോടെ അനന്തഗോപന്‍ ശബ്ദമുയര്‍ത്തി. 'ബിനീഷ് കോടിയേരി ഞങ്ങളുടെ ആരുമല്ല, പാര്‍ട്ടിയുടെ മെന്പറുമല്ല'- അദ്ദേഹം ഉറക്കെ പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാത്തതിനാല്‍ പ്രതിപക്ഷം; സ്വര്‍ണം, വെള്ളി, ഈന്തപ്പഴം എന്നൊക്കെ പറഞ്ഞുനടക്കുകയാണെന്നും അനന്തഗോപന്‍ പരിഹസിച്ചു. 'ഇതെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്യും സഖാവേ' എന്നായിരുന്നു ബാബു ജോര്‍ജിന്റെ പ്രതികരണം. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ പിന്നിലല്ലെന്ന് തെളിയിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നായിരുന്നു വിജയകുമാറിന്റെ കുറ്റപ്പെടുത്തല്‍.

കോന്നി മെഡിക്കല്‍ കോളേജിന്റെ പിതൃത്വം യു.ഡി.എഫിന് അവകാശപ്പെട്ടതാണെന്നായിരുന്നു ബാബു ജോര്‍ജിന്റെ നിലപാട്. പിതാവ് കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചുപോയ ശേഷം പിതൃത്വം പറയുന്നതില്‍ കാര്യമുണ്ടോയെന്നായിരുന്നു അനന്തഗോപന്റെ മറുചോദ്യം.

രാഷ്ട്രീയ വിയോജിപ്പുകള്‍ ചൂടേറ്റിയ ചര്‍ച്ചകള്‍ക്ക് വിരാമമിടുന്നതിനിടെ നേതാക്കള്‍ ഒരു കാര്യത്തില്‍ യോജിപ്പിലെത്തി. മാലിന്യ സംസ്‌കരണത്തിലുള്‍പ്പെടെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പുതിയ ജനപ്രതിനിധികളുടെ ശ്രദ്ധ പതിപ്പിക്കാന്‍ ക്രിയാത്മക ഇടപെടല്‍ തുടരും. പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം ചര്‍ച്ചയില്‍ മോഡറേറ്ററായി.