പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ രാജി. പത്തനംതിട്ട ഡി.സി.സി. ജനറല്‍ സെക്രട്ടറി സുധ കുറുപ്പാണ് രാജിവെച്ചത്. തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നും സി.പി.എമ്മില്‍ ചേരുമെന്നും സുധ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍നിന്നാണ് സുധ ജനവിധി തേടിയത്.

തിരഞ്ഞെടുപ്പില്‍ വേണ്ടുന്ന രീതിയില്‍ ക്രമീകരിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് സുധ പറഞ്ഞു. ബ്ലോക്ക് ലെവലിലോ മണ്ഡലം ലെവലിലോ തിരഞ്ഞെടുപ്പ് മത്സരത്തിനു നിന്ന സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതുകൊണ്ടു മാത്രമാണ് പാര്‍ട്ടി വിടുന്നത്-സുധ പറഞ്ഞു.

ഇത്തവണ വേണ്ടത്ര ഏകോപനമില്ലായിരുന്നു. ഡിസിസി ലെവലിലും ബ്ലോക്ക് ലെവലിലും മണ്ഡലം ലെവലിലും ഇല്ലായിരുന്നു. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ ഈ മൂന്നു ഘടകങ്ങളും ഒരുമിച്ചുനിന്ന് സ്ഥാനാര്‍ഥിക്കു വേണ്ടുന്ന സഹായം ചെയ്താല്‍ മാത്രമേ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതുണ്ടായില്ലെന്നും സുധ വ്യക്തമാക്കി.

content highlights: pathanamthitta dcc secretary sudha kurupp resigned from party