പത്തനംതിട്ട: ആഴ്ചകൾനീണ്ട ഓട്ടത്തിനുശേഷം സ്ഥാനാർഥികളെല്ലാം നടുവൊന്ന് നിവർത്തി. എങ്കിലും ആരും പൂർണവിശ്രമത്തിലായിരുന്നില്ല. ചെറിയ മയക്കത്തിൽപ്പോലും മനക്കണക്കുകൾ നിറഞ്ഞു. അപ്പോഴേക്കും പാർട്ടി ഓഫീസുകളിൽനിന്നും അണികളിൽനിന്നും വിളികളെത്തി. ജയിക്കുമോ തോൽക്കുമോ.

നേതാവെത്തി ആധികാരികമായി വിശകലനംചെയ്താലേ അത് വിശ്വാസമാകൂ. അതുകൊണ്ടുതന്നെ വോട്ടിലെ കണക്കെടുപ്പായിരുന്നു മിക്ക സ്ഥാനാർഥികളുടെയും ബുധനാഴ്ചത്തെ ജോലി. കിട്ടുമെന്നുറപ്പുള്ളവമാത്രം കൂട്ടി. മറ്റുള്ളവ ഒഴിവാക്കി. അട്ടിമറികളെപ്പറ്റി പഠിച്ചു. കിംവദന്തികൾക്ക് ചെവികൊടുത്തു. കൂടുതൽപ്പേരെ നേരിൽക്കണ്ട് വീണ്ടും കണക്കെടുക്കാൻ നിർദേശിച്ചു. ഈ അരിച്ചെടുപ്പ് ബുധനാഴ്ചവരെ തുടരും.

ഇലന്തൂർ ഡിവിഷനുകീഴിലുള്ള പഞ്ചായത്തുകളിലെല്ലാമെത്തി പ്രവർത്തകരുമായി വോട്ടുകണക്കുകളെപ്പറ്റി വിശകലനം ചെയ്യുകയായിരുന്നുവെന്ന് സ്ഥാനാർഥികൾ. വീടുകൾ കയറിയുള്ള അഭ്യർഥനകൾക്കും കുടുംബയോഗങ്ങൾക്കുംശേഷം ബുധനാഴ്ചയാണ് അല്പമെങ്കിലും വിശ്രമിച്ചതെന്ന് പത്തനംതിട്ട നഗരസഭയിൽ മത്സരിച്ചവർ പറയുന്നു. വാർഡിലെ വോട്ടർമാരെയും കൂടെയുണ്ടായിരുന്ന പ്രവർത്തകരെയുമെല്ലാം നേരിൽക്കണ്ട് നന്ദിയറിയിക്കലായിരുന്നു ചിലർ.

തിരുവല്ല മേഖലയിലെ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനുപിറ്റേന്ന് തളർച്ചയില്ലാതെ മറ്റുകാര്യങ്ങളിൽ തുടർന്നു. അധ്യാപകരായുള്ള സ്ഥാനാർഥികളെല്ലാം ഓൺലൈൻ ക്ലാസിനുംമറ്റുമായി സ്കൂളിൽ പോയി. അഭിഭാഷകർ ജോലിക്കെത്തി. കുടുംബശ്രീ അംഗങ്ങളിൽ മിക്കവരും സംഘാംഗങ്ങൾക്കൊപ്പം പണിക്കായി കൂടി. തിരഞ്ഞെടുപ്പിന്റെ തളർച്ചയകറ്റാൻ പൂർണവിശ്രമം എന്ന് പ്രതികരിച്ചവരാരുമില്ല.

അടിയൊഴുക്കുകൾ വിലയിരുത്തി അടൂർ

ദിവസങ്ങളായി വിശ്രമമില്ലാത്ത അലച്ചിൽ. തിരഞ്ഞെടുപ്പുദിവസം രാവിലെമുതൽ വൈകുംവരെ നില്പുതന്നെയായിരുന്നു. ഇനി വേണം ഒന്ന് വിശ്രമിക്കാൻ എന്ന ചിന്തയിലായിരുന്നു ബുധനാഴ്ച പല സ്ഥാനാർഥികളും.

ചിലർക്ക് അത് സാധിച്ചു എന്നുവേണമെങ്കിൽ പറയാം. പക്ഷേ, ചിലർ ഫോണിലായിരുന്നു കൂടുതലും. വോട്ടുകൾ ചെയ്തത്, ചെയ്യാത്തത് എല്ലാത്തരം കണക്കെടുപ്പും ഇതിലൂടെ നടത്തി. തിരഞ്ഞെടുപ്പുദിവസം ഊണും ചായയും വാങ്ങിയ കടങ്ങൾ കടകളിൽ തീർക്കാൻ സമയം കണ്ടെത്തിയവരുമുണ്ട്. കാരണം, അതിരാവിലെതന്നെ കടക്കാർ ഫോണിൽ വിളിച്ചുതുടങ്ങിയിരുന്നതായി സ്ഥാനാർഥികൾ പറയുന്നു. പോസ്റ്റൽ വോട്ടുകൾ വാങ്ങുന്ന തിരക്കിലും ചിലർ ഏർപ്പെട്ടു.

കണക്കുകൂട്ടി മുന്നണികളും

പത്തനംതിട്ട: വോട്ടുയന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ആർക്ക് അനുകൂലമെന്ന് മനക്കണക്കു കൂട്ടി മുന്നണികൾ. താഴെ തട്ടിൽ നിന്നു കിട്ടിയ വിലയിരുത്തലുകളുടെ പൊരുൾ തേടി തലപുകയ്ക്കുകയാണ് നേതാക്കൾ. കോവിഡ് കാലത്തെ ആശങ്കകൾക്കിടയിലും വോട്ട് മഴ പെയ്തത് ഗുണം ചെയ്തത് ആർക്കെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും ആത്മവിശ്വാസം കൈ വിടാതെ മുന്നേറ്റം ഉണ്ടാവുമെന്ന ശുഭാപ്തിയോടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ മൂന്ന് മുന്നണികളും പിന്നിലല്ല.

വോട്ടെടുപ്പ് നാളിന്റെ പിറ്റേ ദിനത്തിൽ താഴെതട്ട് മുതലുള്ള കണക്കുകൾ ജില്ലാ നേതൃത്വത്തിന്റെ മുന്നിലെത്തി.

ഇഴ പിരിച്ചുള്ള താരതമ്യത്തിൽ അടിയൊഴുക്കുകൾ വെളിപ്പെട്ടു. വിമതരുടെ സാന്നിധ്യം പലയിടത്തും നിർണായകമായതായി വോട്ട് കണക്കുകൾ രേഖപ്പെടുത്തി.

എൽ.ഡി.എഫിന്റെ ജില്ലാതല വിലയിരുത്തലുകൾ പൂർത്തിയാകാനുണ്ട്. താഴെ തട്ടിൽ നിന്നുള്ള വിവരങ്ങൾ മുന്നണിക്ക് അനുകൂലമായ സാഹചര്യത്തിന്റെ സൂചനയാണ് എന്ന് നേതാക്കൾ വ്യക്തമാക്കി.

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വിലയിരുത്തൽ ബുധനാഴ്ച നടന്നു. നാല് നഗരസഭകളിലും ആധിപത്യം കൈവരിക്കാനാകുമെന്നാണ് ഡി.സി.സി.നേതാക്കളുടെ കണക്കുകൂട്ടൽ. ജില്ലാ പഞ്ചായത്തിൽ 12 സീറ്റ് നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തവണ നേടിയ പതിനൊന്നു സീറ്റുകൾക്ക് പുറമെ കൊടുമൺ ഡിവിഷനും ഇക്കുറി കിട്ടുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അടൂർ നഗരസഭയിലെ 28 സീറ്റുകളിൽ 15 മുതൽ 18 സീറ്റ് വരെ ലഭിക്കും എന്നും തിരുവല്ലയിൽ ആകെയുള്ള 39 സീറ്റിൽ 21 സീറ്റ് വരെ കിട്ടുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടൽ. പന്തളത്ത് 18 സീറ്റും പത്തനംതിട്ടയിൽ 22 സീറ്റ് വരെയും പ്രതീക്ഷിക്കുന്നു.

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് ഇടതുപക്ഷം ശ്രമിച്ചു എന്ന നിഗമനത്തിലാണ് എൻ.ഡി.എ.യും ബി.ജെ.പി.യും. എങ്കിലും ജില്ലാ പഞ്ചായത്തിൽ കുളനട ഡിവിഷനിൽ വിജയം നേടാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് നേതാക്കൾ.

സർക്കാരിനെതിരേയുള്ള വിധിയെഴുത്ത്

കോവിഡ് കാലത്തും പോളിങ് ശതമാനം കുറയാതിരുന്നത് സംസ്ഥാന സർക്കാരിന് എതിരേയുള്ള വികാരത്തിന്റെ സൂചനയാണ്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് നിലവിലുള്ളത്. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്താനും നാല് നഗരസഭകളിലും മേധാവിത്വം കാട്ടാനും 30 ഗ്രാമപ്പഞ്ചായത്തുകളിൽ ഭരണം കിട്ടാനും ജനവിധി അനുകൂലമാകും.

-ബാബു ജോർജ്, ഡി.സി.സി. പ്രസിഡന്റ്

തനിയാവർത്തനം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനമാണ് തദ്ദേശത്തിലും തെളിയാൻ പോവുന്നത്.

ജില്ലാ പഞ്ചായത്തിലും ഗ്രാമപ്പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തിലും ഇടതുമുന്നണിയുടെ വിജയം ഉറപ്പാണ്.

- അലക്സ് കണമല

എൽ.ഡി.എഫ്.കൺവീനർ

കരുത്ത് കൂട്ടും

എതിർ മുന്നണികളുടെ വ്യാജ പ്രചാരണങ്ങൾ മറികടന്നുള്ള വിജയം എൻ.ഡി.എ. നേടും.

ജില്ലാ പഞ്ചായത്തിൽ ഇത്തവണ മുന്നണിക്ക് പ്രാതിനിധ്യം ഉണ്ടാവും. 12 ഗ്രാമപ്പഞ്ചായത്തുകളിൽ ഭരണം നേടും.

-വിജയകുമാർ മണിപ്പുഴ

ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി