നിരണം(പത്തനംതിട്ട): റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നിരണം 13-ാംവാര്‍ഡിലെ കൈതത്തോട് നിവാസികളായ 12 കുടുംബങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. ചെമ്പില്‍ കലുങ്കുമുതല്‍ താമസിക്കുന്ന 12 വീട്ടുകാരുടെ ഏക ആശ്രയമായ 150 മീറ്റര്‍ ദൂരത്തിലുള്ള നടപ്പാത സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. നടവഴി ശരിയാക്കാതെ ഒരു സ്ഥാനാര്‍ഥിയും ഇങ്ങോട്ട് വോട്ടുചോദിച്ച് വരേണ്ടെന്ന പോസ്റ്ററുകള്‍ വീടുകള്‍ക്കുമുമ്പില്‍ പതിച്ചാണ് പ്രദേശവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായ സന്ദേശം നല്‍കുന്നത്. ചെമ്പില്‍ കലുങ്കുമുതല്‍ ചാത്തനാരി കലുങ്കുവരെയുള്ള കുടുംബങ്ങളാണ് നടപ്പാതയില്ലാതെ ദുരിതത്തിലായിരിക്കുന്നത്.

അരിയോടിച്ചാല്‍ പാടശേഖരത്തിലേക്കുള്ള ജലസേചനമാര്‍ഗമായ കൈതത്തോടിന്റെ കരയുടെ തോട്ടുചിറയില്‍ താമസിക്കുന്ന കുടുംബങ്ങളാണ് സഞ്ചാരപാതയില്ലാതെ ദുരിതമനുഭവിക്കുന്നത്. പ്രദേശവാസികളുടെ നടവഴി ഉള്‍പ്പെടുന്ന കൈതത്തോടിന്റെ വശങ്ങള്‍ സംരക്ഷണഭിത്തി കെട്ടുന്നതിനായി ചെറുകിട ജലസേചനവകുപ്പില്‍നിന്ന് 16.20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, പണികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. വയോധികരും ജന്മനാ ശാരീരികവൈകല്യമുള്ള കിടപ്പുരോഗിയായ യുവാവുമടക്കം താമസിക്കുന്ന പ്രദേശമാണിത്. ഇവരുടെ താമസസ്ഥലത്തേക്കെത്താന്‍ ബഥേല്‍ ഐ.പി.സി. പള്ളിക്ക് സമീപമുള്ള ചാത്തനാരി കലുങ്കില്‍നിന്ന് തോട്ടുവഴിയിലൂടെ 80 മീറ്റര്‍ ദൂരത്തില്‍ 15 വര്‍ഷംമുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു.

എന്നാല്‍, സമീപവാസി ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ച സംരക്ഷണഭിത്തിക്കുമേല്‍ മതില്‍ നിര്‍മിച്ചതിനാല്‍ ഈ വഴിയും പ്രദേശവാസികള്‍ക്ക് നഷ്ടമായി. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി തിരുവല്ല തഹസില്‍ദാര്‍ക്ക് പ്രദേശവാസികള്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. റോഡില്ലാത്തതുമൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.