മല്ലപ്പള്ളി: അമ്മ ബ്ലോക്ക് പഞ്ചായത്തില്‍ അംഗമാകാന്‍ മത്സരിക്കുമ്പോള്‍ ഗ്രാമപ്പഞ്ചായത്തിലേക്കാണ് മകളുടെ കന്നി അങ്കം. ആറന്മുള കുന്നത്തുകര തടത്തില്‍ വത്സമ്മ മാത്യുവും മകള്‍ നീന മാത്യുവുമാണ് രണ്ടിടത്തായി പോര് കുറിച്ചിരിക്കുന്നത്. ഇരുവരും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളാണ്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുല്ലപ്പുഴശേരി ഡിവിഷനില്‍ അറുപത്തിയൊന്‍പതുകാരിയായ വത്സമ്മ മാത്യു ജനവിധി തേടുമ്പോള്‍. നാല്‍പ്പത്തി ഒന്‍പതിലെത്തിയ മകള്‍ നീന മാത്യു കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ മത്സരിക്കുന്നു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗമായാണ് 1982-ല്‍ വത്സമ്മയുടെ ആദ്യ വിജയം. 1990-ല്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും 13 വോട്ടിന് പരാജയപ്പെട്ടു. 1995 മുതല്‍ 2000 വരെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

2005-ലും 2015-ലും ഇലന്തൂര്‍ ബ്ലോക്കില്‍ മല്ലപ്പുഴശേരി ഡിവിഷനെ പ്രതിനിധികരിച്ചു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവും മഹിളാസംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സി.പി.എം. പ്രവര്‍ത്തകനായ കോട്ടാങ്ങല്‍ തെങ്ങുംപള്ളി ബാബു വര്‍ഗീസാണ് നീനയുടെ ഭര്‍ത്താവ്.

കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ 2017-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവരുടെ മകന്‍ എബിന്‍ ബാബു സി.പി.എം. സ്ഥാനാര്‍ഥിയായി വിജയിച്ചിരുന്നു.

വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ എബിന് പകരം അമ്മ നീന രംഗത്തിറങ്ങി. ഇരുവരും വിജയ പ്രതീക്ഷയിലാണ്.