പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ്. ചരിത്രവിജയം നേടുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു.

ജില്ലയുടെ ചരിത്രത്തിൽ ഏറ്റവുമധികം വികസന പദ്ധതികൾ നടപ്പാക്കുകയും പൂർത്തിയാക്കുകയും ചെയ്തത് കഴിഞ്ഞ നാലേമുക്കാൽ വർഷത്തിനിടെയാണ്. ഇതുവരെ 5,000 കോടി രൂപയുടെ പദ്ധതികൾ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി നടപ്പാക്കി. കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ ഇത്തവണ ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ് സംസ്ഥാനനേതാക്കൾ പ്രചാരണത്തിന് ജില്ലയിൽ എത്താഞ്ഞത്. നേതാക്കളെ ആശ്രയിച്ചല്ല, നയങ്ങളെ ആശ്രയിച്ചാണ് എൽ.ഡി.എഫ്. മുന്നോട്ട് പോകുന്നതെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

മികവ് ആവർത്തിക്കുമെന്ന് യുഡിഎഫ്

തിരഞ്ഞെടുപ്പ് ഫലം മുന്നണിയുടെ കരുത്ത് കൂട്ടുമെന്ന് ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജ്. ജില്ലാപ്പഞ്ചായത്തിലെ അധികാരം നിലനിർത്തും. കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളിലും നാലുനഗരസഭകളിലും ആധിപത്യം നേടും. ജില്ലയിൽ യു.ഡി.എഫ്. അനുകൂല തരംഗമാണ്. സംസ്ഥാനസർക്കാരിനെതിരേയുള്ള ജനവിധിയാണ് ചൊവ്വാഴ്ച എഴുതപ്പെടുന്നത്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥർ വ്യാപകമായ ഇടപെടലുകൾ നടത്തി വോട്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സ്പെഷ്യൽ തപാൽ വോട്ടിനായി എത്തുന്ന ഉദ്യോഗസ്ഥർ ഇടത് സ്ഥാനാർഥികളെ കൂടെ നിർത്തിയും നേതാക്കളുടെ നിർദ്ദേശം അനുസരിച്ചുമാണ് പ്രവർത്തിക്കുന്നത്.

ചിലയിടങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളും ഉദ്യോഗസ്ഥരോടൊപ്പം വീടുകളിൽ എത്തുന്നുവെന്നും ബാബുജോർജ് ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുന്നണികൾക്കും താക്കീതാകുമെന്ന് എൻഡിഎ

ഇരുമുന്നണികളെയും പിന്തള്ളി എൻ.ഡി.എ. സഖ്യം മേൽക്കൈ നേടുന്ന തിരഞ്ഞെടുപ്പ് ഫലമാണ് വരാൻ പോകുന്നതെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റിന്റെ ചുമതലയുമുളള വിജയകുമാർ മണിപ്പുഴ പറഞ്ഞു.

വികസന വിരുദ്ധരായ ഇടതുവലതു മുന്നണികൾക്കെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പ്. ഗ്രാമീണ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ ജനകീയ പദ്ധതികൾ സാധാരണക്കാർക്ക് ലഭ്യമാക്കാത്തതിന്റെ ഉത്തരവാദിത്തം ഇരുമുന്നണികൾക്കുമുണ്ട്. കോടിക്കണക്കിനു രൂപയുടെ വികസന ഫണ്ട് പാഴാക്കി കളഞ്ഞ ഇടതുവലതു മുന്നണികളുടെ ജനദ്രോഹ നയങ്ങൾ വോട്ടർമാരിൽ എത്തിക്കാൻ എൻ.ഡി.എ.യുടെ പ്രചാരണത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.