പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ. കോണ്‍ഗ്രസില്‍ എ, ഐ വിഭാഗങ്ങള്‍ തമ്മില്‍ സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയായി. എ വിഭാഗം ഒന്‍പതും ഐ അഞ്ചും ഡിവിഷനുകളില്‍ മത്സരിക്കും.

കോയിപ്രം ഡിവിഷന്‍ എ ഗ്രൂപ്പിന്റേതാണെങ്കിലും ഐ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം കോഴഞ്ചേരി ഡിവിഷന്‍ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനോട് എ ഗ്രൂപ്പ് പൂര്‍ണസമ്മതം അറിയിച്ചിട്ടില്ല.

കോയിപ്രത്ത് നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനെ മത്സരിപ്പിക്കണമെന്ന് ഐ ഗ്രൂപ്പില്‍ അഭിപ്രായഐക്യമുണ്ട്.

കോയിപ്രം, മലയാലപ്പുഴ, കൊടുമണ്‍, റാന്നി, ആനിക്കാട്, ഇലന്തൂര്‍, കുളനട, പള്ളിക്കല്‍ ഡിവിഷനുകളില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. കുളനടയില്‍ രഘുനാഥ്, മലയാലപ്പുഴയില്‍ സാമുവല്‍ കിഴക്കുപുറം, കൊടുമണ്‍- ലക്ഷ്മി അശോകന്‍, റാന്നി- ജെസി അലക്‌സ്, കോയിപ്രം- അനീഷ് വരിക്കണ്ണാമല, ഇലന്തൂര്‍- എം.ബി.സത്യന്‍ എന്നിവര്‍ മത്സരിക്കാനാണ് സാദ്ധ്യത.

എ ഗ്രൂപ്പിന് ലഭിച്ച കോഴഞ്ചേരി, കോന്നി, ചിറ്റാര്‍, പ്രമാടം, ഏനാത്ത് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനമായേക്കും. ആകെയുളള 16 ഡിവിഷനുകളില്‍ 14 സീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കുക. രണ്ടു സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് പരിഗണന.

സീറ്റ് നിര്‍ണയം: യൂത്ത് കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി

പത്തനംതിട്ട: 'വാഗ്ദാനങ്ങള്‍ വേരുകള്‍ ഇല്ലാത്ത വൃക്ഷങ്ങളാണ്'- ജില്ലയിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സാമൂഹികമാധ്യമത്തില്‍ കുറിച്ചിട്ട ഈ കവിവാക്യത്തില്‍ പല സൂചനകളും അടങ്ങിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ചര്‍ച്ച കോണ്‍ഗ്രസില്‍ കൊടുമ്പിരികൊള്ളുമ്പോഴും യൂത്ത് കോണ്‍ഗ്രസിന് കാര്യമായ പ്രാതിനിധ്യം ഉണ്ടാവുമെന്ന് ഉറപ്പില്ല. ഹരിച്ചും ഗുണിച്ചും തിരഞ്ഞെടുപ്പ് സൂത്രവാക്യങ്ങള്‍ തയ്യാറാക്കുന്നതിന്റെ സങ്കീര്‍ണതയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സ്ഥാനാര്‍ഥിത്വത്തില്‍ മികച്ച പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നേതാക്കള്‍ യുവജനവിഭാഗത്തിന് നേരത്തെ നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാതലത്തില്‍ പട്ടികയ്ക്കും സംഘടന രൂപം നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നേരിട്ടെത്തിയാണ് സ്ഥാനാര്‍ഥിപട്ടിക ഡി.സി.സി.ക്ക് കൈമാറിയത്. ഇക്കാര്യത്തില്‍ ഫലപ്രാപ്തി കൈവരാനുള്ള സാധ്യതയും മങ്ങിയത് യുവനേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നാണ് സൂചന.

സംഘടനയുടെ ജില്ലാ പ്രസിഡന്റിന് പോലും സീറ്റ് ഉറപ്പായില്ല. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പോലും സീറ്റ് നല്‍കാത്തത് പ്രവര്‍ത്തകരിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. സീറ്റ് വാഗ്ദാനം പ്രഹസനമായി മാറരുതെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസില്‍ ശക്തമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ജില്ലാതലത്തില്‍ ശക്തമായ സമരപരമ്പര തീര്‍ക്കുകയും പോലീസ് മര്‍ദനത്തിന് ഇരയാവുകയും ചെയ്ത നേതാക്കളെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഗണിക്കരുതെന്ന് മാസങ്ങള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മികച്ച പ്രാതിനിധ്യം നല്‍കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തിന് അവകാശവാദം കോണ്‍ഗ്രസില്‍തന്നെ ശക്തമായി. ഇതോടെ പ്രതീക്ഷകള്‍ പാളം തെറ്റുമോയെന്ന ആശങ്കയിലാണ് യുവജനനേതാക്കള്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ൈകൈയാങ്കളി

മല്ലപ്പള്ളി: എഴുമറ്റൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ൈകയാങ്കളി.

വാര്‍ഡ് പ്രസിഡന്റ് ജോബി പി.ഏബ്രഹാമിന്റെ അധ്യക്ഷതയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് സമ്മേളനം നടന്നത്.

പരിപാടി അവസാനിച്ച് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്ന ചിലര്‍ പുതുതായി ഏതാനും പേരുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇവരെ കൂടി ചേര്‍ത്ത് മിനിട്‌സ് പുതുക്കിയെങ്കിലും ബഹളം തുടങ്ങുകയായിരുന്നു.

മിനിട്‌സ് ബുക്ക് കീറിക്കളയുകയും യോഗത്തില്‍ നന്ദി പറഞ്ഞുകൊണ്ടിരുന്ന മണ്ഡലം പ്രസിഡന്റിനെ ൈകയേറ്റം ചെയ്യുകയും ചെയ്തതായി പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം കെ.ജയവര്‍മ്മ, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് നഹാസ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി., ഡി.സി.സി. നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയതായി ഡി.സി.സി. അംഗം തലയാര്‍ ഗോപി, മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. എന്നാല്‍ യോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പേരുകള്‍ രേഖപ്പെടുത്താത്തതും നിയമാനുസൃതമായി മിനിട്‌സ് ബുക്ക് എഴുതാത്തതുമാണ് ഒരു വിഭാഗം പ്രവര്‍ത്തകരെ പ്രകോപിതരാക്കിയതെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം കെ.ജയവര്‍മ്മ പറയുന്നു. നിരീക്ഷകരെത്തുന്നതിന് മുന്‍പ് യോഗം ധൃതിയില്‍ തീര്‍ക്കാനുള്ള ശ്രമവും നടന്നു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബ്ലോക്ക് സെക്രട്ടറി ചികിത്സയിലാണെന്ന് ഇദ്ദേഹം അറിയിച്ചു.

ഐ ഗ്രൂപ്പ് കീഴടങ്ങിയതായി നേതാക്കളുടെ പരാതി

പത്തനംതിട്ട.തദ്ദേശ തിരഞ്ഞെടുപ്പില്‍ െഎ ഗ്രൂപ്പനുള്ളില്‍ അമര്‍ഷം പുകയുന്നു.ഗ്രൂപ്പ് നേതാക്കള്‍ എഗ്രൂപ്പിന്റെ അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്നതായി ഒരുവിഭാഗം രമേശ് ചെന്നിത്തലയോട് പരാതി പറഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ ഗ്രൂപ്പിന് കിട്ടിയ സീറ്റുകള്‍ ഇത്തവണ ഇല്ലെന്നാണ് ആരോപണം.എ ഗ്രൂപ്പ് മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തെ െഎ ഗ്രൂപ്പ് നേതാക്കള്‍ കീഴടങ്ങി അംഗീകരിച്ച് കൊടുത്തതായും ഇവര്‍ പറയുന്നു.ബ്ലോക്ക് പഞ്ചായത്തിലും സമാന അവസ്ഥയാണുള്ളത്.കോഴഞ്ചേരി ഡിവിഷന്‍ എഗ്രൂപ്പ് എടുത്തു.കോയിപ്രത്ത് അനീഷ് വരിക്കണ്ണാമലയെ മത്സരിപ്പിക്കാന്‍ ധാരണയായതായറിയുന്നു.അങ്ങനെയെങ്കില്‍ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ മാറിനില്‍ക്കേണ്ടിവരും.കോന്നിയില്‍ എം ജി കണ്ണനും കൂടി എത്തുന്നതോടെ പ്രബലമായ െഎ ഗ്രൂപ്പ് പേരിലേക്കൊതുങ്ങുമെന്നും അസംതൃപ്തര്‍ പറയുന്നു.എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ അഞ്ച് സീറ്റുകളെന്നതില്‍ ധാരണയായതായാണ്‌ െഎ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളുടെ വിശദീകരണം.

Content Highlights: local body election pathanamthitta district panchayath congress seats