പത്തനംതിട്ട: കൗതുകം നിറഞ്ഞതായിരുന്നു ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. സീറ്റ് നിര്‍ണയം. കഴിഞ്ഞ തവണത്തെക്കാള്‍ മുന്നണിയില്‍ ഘടക കക്ഷികള്‍ ഇരട്ടിയോളം വര്‍ധിച്ച സാഹചര്യം സീറ്റ് വിഭജനത്തില്‍ തലവേദനയാകുമെന്നാണ് മുന്നണിയിലെ 'വല്യേട്ടന്‍' കരുതിയത്. പക്ഷേ, അരങ്ങേറിയത് സങ്കല്പങ്ങള്‍ക്കുമപ്പുറം.

എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 106 വാര്‍ഡുകളാണുള്ളത്. ഇതില്‍ 63 സീറ്റുകള്‍ സി.പി.എമ്മിനും 24 എണ്ണം സി.പി.ഐ.ക്കും നല്‍കാന്‍ ചര്‍ച്ചയിലൂടെ നിശ്ചയിച്ചു.

കേരള കോണ്‍ഗ്രസില്‍നിന്ന് പിളര്‍ന്നുവന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനും ജോസ് കെ.മാണിയുടെ പാര്‍ട്ടിക്കും ഉള്‍പ്പെടെ സീറ്റുകള്‍ നല്‍കി. സീറ്റ് വിഭജനം ഉഷാറായി നടന്നതിന് പിന്നാലെയാണ് ട്വിസ്റ്റ്.

സീറ്റ് ഉറപ്പിച്ചതിന്റെ സന്തോഷത്താല്‍ ചില ഘടകകക്ഷികള്‍ മതിമറന്നു.

ഞൊടിയിടയില്‍ ഈ സന്തോഷം നെടുവീര്‍പ്പായി. കിട്ടിയ സീറ്റുകളില്‍ ചിലതില്‍ ആരെപ്പിടിച്ച് സ്ഥാനാര്‍ഥിയാക്കുമെന്ന ചിന്തയാണ് ഇതിന് കാരണമായത്. കൂട്ടുകാരുടെ മുഖത്തെ മനോവിഷമം കണ്ട വല്യേട്ടന്‍ കാര്യം തിരക്കി.

കാരണം അറിഞ്ഞപ്പോള്‍തന്നെ പരിഹാരവും കുറിച്ചു. സീറ്റ് മാത്രമല്ല, സ്ഥാനാര്‍ഥിയെയും കണ്ടെത്തി നല്‍കാമെന്ന വാഗ്ദാനം വീണ്ടും ആഹ്‌ളാദത്തിര ഉയര്‍ത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇരവിപേരൂരും ജോസ് വിഭാഗം മേപ്രാലിലുമാണ് സി.പി.എം. പിന്തുണയോടെ പൊതുസ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നത്.

ഇത്ര ആര്‍ത്തി പാടില്ല

'ഒരു പത്തുരൂപയെങ്കിലും താടേ..., മനുഷ്യനായാല്‍ ഇത്ര ആര്‍ത്തി പാടില്ല...'-കിലുക്കം സിനിമയിലെ ജഗതിയുടെ കഥാപാത്രത്തിന്റെ പ്രശസ്തമായ ഡയലോഗിനെ അനുസ്മരിപ്പിക്കും യു.ഡി.എഫില്‍ ജോസഫ് ഗ്രൂപ്പിന്റെ അവസ്ഥ.

പത്തനംതിട്ട ജില്ലയിലെ 1042 സീറ്റുകളില്‍ 156 സീറ്റുകളാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഇതുകേട്ട മട്ടില്ല. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ജോസഫ് ഗ്രൂപ്പിന്റെ ശക്തി ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ വാദം. നേതാക്കളുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന പാര്‍ട്ടിയെ ഇങ്ങനെ 'മനഃസാക്ഷിയില്ലാതെ' അവഹേളിക്കുന്നതില്‍ ജോസഫ് ഗ്രൂപ്പിന് കടുത്ത അമര്‍ഷമുണ്ട്.

പല തവണ സീറ്റ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം നീണ്ടു. സീറ്റ് കിട്ടിയില്ലെങ്കില്‍ ഒപ്പമുള്ളവരും മറുകണ്ടം ചാടുമോ എന്ന ഭയപ്പാട് ജോസഫ് വിഭാഗത്തിനുമുണ്ട്. സീറ്റ് ദാനത്തില്‍ സി.പി.എമ്മിനെ കോണ്‍ഗ്രസ് മാതൃകയാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.