പന്തളം: ചിഹ്നമേതായാലും വരയും തലവരയും നന്നായാല്‍ മതി. ഇതാണ് എസ്‌ക്കാലാ വേണുവിന്റെ പോളിസി. പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ചിഹ്നവുമൊന്നും എസ്‌ക്കാലാ വേണുവിന് പ്രശ്‌നമേയല്ല, വേണു വരയ്ക്കുകയാണ്, ഒന്നും രണ്ടുമല്ല നാല്‍പ്പത് വര്‍ഷമായി കൈയില്‍ ബ്രഷ് പിടിക്കാന്‍ തുടങ്ങിയിട്ട്. വര വേണുവിന്റെ ജീവിത മാര്‍ഗ്ഗമാണ്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിക്കും മുമ്പുതന്നെ വേണുവിന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. ചുമരുകള്‍ ബുക്കുചെയ്തുള്ള മുന്നൊരുക്കമായിരുന്നു ആദ്യം. നാലുദിവസം മുമ്പ് പ്രഖ്യാപനംകൂടി കഴിഞ്ഞതോടെ മൂന്ന് മുന്നണികള്‍ക്കും വേണ്ടി വേണു വര തുടങ്ങിക്കഴിഞ്ഞു. ഇരുപതാമത്തെ വയസ്സില്‍ തുടങ്ങിയ ജീവിതമാര്‍ഗ്ഗം 2020-ലെ തിരഞ്ഞെടുപ്പിലും മുടങ്ങാതെ തുടരുന്നു. 1979-ല്‍ ഇരുപതാമത്തെ വയസ്സിലാണ് മുടിയൂര്‍ക്കോണം ആര്യഭവനില്‍ വേണു ചിത്രമെഴുത്തിന്റെ ലോകത്തേക്കെത്തിയത്.

തൃക്കാര്‍ത്തിക ആര്‍ട്ട് സെന്ററില്‍ ആര്‍ട്ടിസ്റ്റ് കുഞ്ഞുമോന്റെയും രാമദാസിന്റെയും ശിക്ഷണത്തില്‍ തുടങ്ങിയ ചിത്രമെഴുത്ത് രണ്ടായിരം വരെ ഒരു തടസ്സവുമില്ലാതെ തുടര്‍ന്നു. ലോകസഭ, നിയമസഭ, തദ്ദേശ സ്വയംഭരണം തുടങ്ങി സൊസൈറ്റികളുടെ തിരഞ്ഞെടുപ്പുകള്‍ക്കും പാര്‍ട്ടി, സംഘടനാ സമ്മേളനങ്ങള്‍ക്കുമെല്ലാം വേണു വിവിധ വര്‍ണങ്ങള്‍ ചാലിച്ച് ചുമരെഴുതി. ഉള്ളില്‍ താന്‍ സ്‌നേഹിക്കുന്ന ചിഹ്നമുണ്ടെങ്കിലും വേണുവിന്റെ വരയില്‍ അതൊന്നും പ്രതിഫലിച്ചില്ല.

സ്ഥാനാര്‍ഥിക്കാവശ്യമായ പോസ്റ്റര്‍, നോട്ടീസ്, സ്‌ളിപ്പ്, ചിഹ്നം, തുടങ്ങിയവയെല്ലാം പഴയകാലത്ത് ശിവകാശിയില്‍ കൊണ്ടുപോയി അച്ചടിച്ച് നാട്ടിലെത്തിക്കുകയായിരുന്നു രീതി. ഇന്നിപ്പോള്‍ ഓഫ്സെറ്റ് പ്രസ്സുകള്‍ ധാരാളമായപ്പോള്‍ തമിഴ്നാട്ടിലേക്കുള്ള യാത്ര നിര്‍ത്തി. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥാനാര്‍ഥികള്‍ വേണുവിനെത്തേടി പന്തളം എന്‍.എസ്.എസ്.ഹൈസ്‌കൂളിനു സമീപമുള്ള എസ്‌ക്കാല എന്ന സ്ഥാപനത്തിലേക്ക് എത്തിയിരുന്നു.

ഫ്‌ളക്സ് യുഗം വരുന്നതിനു മുമ്പ് എഴുത്തുകാരുടെ വസന്തകാലമായിരുന്നു. നീലവും കുമ്മായവും നിറങ്ങളും ചാലിച്ച് അതില്‍ വജ്രപ്പശ ഉരുക്കിച്ചേര്‍ത്ത് ചുമരിലും തുണികളിലും വരച്ചിരുന്ന കാലമായിരുന്ന് അത്. രാത്രിയും പകലുമില്ലാതെ തിരഞ്ഞെടുപ്പിന്റെ അണിയറ ഒരുക്കങ്ങള്‍. ആദ്യമായി ഫ്‌ളക്സ് വന്നപ്പോള്‍ പിടിച്ചുനില്‍പ്പിനായി കുറച്ചുനാള്‍ പ്രയത്നിച്ചു. ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും ഡിസൈന്‍ ചെയ്തു നല്‍കി.

ഒടുവില്‍ എഴുത്തും വരയും താഴെവെച്ച് കുലത്തൊഴിലായ മരപ്പണിയിലേക്ക് തിരിഞ്ഞു. എന്നാല്‍ മുന്‍വര്‍ഷം ഫ്‌ലക്‌സിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ രാഷ്ടീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചുവരെഴുത്തിലേക്ക് തിരിച്ചുവന്നു. ഇത്തവണത്തെ തിഞ്ഞെടുപ്പില്‍ ചുമരെഴുതാന്‍ ആവശ്യക്കാര്‍ കൂടുതല്‍. പത്തൊന്‍പത് വര്‍ഷം മുമ്പ് മാറ്റിവെച്ച ബ്രഷും ചായവും കൈയിലെടുത്തപ്പോള്‍ ഈ ചിത്രകാരന് പഴയകാലം തിരിച്ചെത്തിയപോലെ. മറ്റു തൊഴില്‍ മേഖല തേടിപ്പോയവര്‍ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നു. എസ്‌ക്കാല വേണു എന്ന ചിത്രമെഴുത്തുകാരനുള്‍പ്പെടെയുള്ള കലാകാരന്മാര്‍ക്ക് ലഭിച്ചത് പുനര്‍ജീവന്‍. ഒപ്പം പഠിച്ച കലയെ മറക്കാതിരിക്കാനുള്ള അവസരവും.