പത്തനംതിട്ട: ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി. 16 ഡിവിഷനുകളില്‍ 10 സീറ്റില്‍ സി.പി.എം. മത്സരിക്കും. സി.പി.ഐ. മൂന്ന് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം രണ്ട് സീറ്റിലുമാണ് മാറ്റുരയ്ക്കുന്നത്. ജനതാദള്‍ എസിന് ഒരുസീറ്റ് നല്‍കി. എന്‍.സി.പി.യ്ക്ക് കഴിഞ്ഞ തവണ നല്‍കിയ സീറ്റ് കൂടി ഇക്കുറി ജോസ് വിഭാഗത്തിന് കൈമാറി. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തദിവസം നടത്തും.

10 ഡിവിഷനില്‍ സി.പി.എം.

അങ്ങാടി, ചിറ്റാര്‍, ഇലന്തൂര്‍, എനാത്ത്, കൊടുമണ്‍, കോയിപ്രം, കുളനട, മലയാലപ്പുഴ, മല്ലപ്പള്ളി, പ്രമാടം ഡിവിഷനുകളിലാണ് സി.പി എം.മത്സരിക്കുന്നത്.സി.പി.എമ്മിന്റെ പ്രധാന നേതാക്കളില്‍ ചിലര്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി. ഹര്‍ഷകുമാര്‍, ഓമല്ലൂര്‍ ശങ്കരന്‍ തുടങ്ങിയവര്‍ മത്സരരംഗത്ത് ഇറങ്ങും. എനാത്ത് ഡിവിഷനിലാണ് ഹര്‍ഷകുമാര്‍ ജനവിധി തേടുന്നത്. സി.പി.എമ്മിനായിരുന്നു കഴിഞ്ഞ തവണ ഈ സീറ്റില്‍ വിജയം. 634 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.സതി കുമാരിയാണ് ജയിച്ചത്. കോന്നി, പള്ളിക്കല്‍, ആനിക്കാട് ഡിവിഷനുകളിലാണ് സി.പി.ഐ. സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങുന്നത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം റാന്നി, പുളിക്കീഴ് സീറ്റുകളിലാണ് മത്സരിക്കുന്നത്. യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത് ഈ രണ്ടുഡിവിഷനുകളിലാണ്. കോഴഞ്ചേരിയില്‍ ജനതാദള്‍ എസ്. മത്സരിക്കും.

ലക്ഷ്യം ഭരണത്തില്‍ എത്താന്‍

മുന്‍ തവണകളില്‍നിന്നും വ്യത്യസ്തമായ ആവേശത്തോടെയാണ് എല്‍.ഡി.എഫ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കരുക്കള്‍ നീക്കുന്നത്. അധികാരത്തിലെത്തുക എന്നതാണ് ലക്ഷ്യം. ഇതോടെ പല സീറ്റുകളിലും പോരാട്ടം പൊടിപാറും.

കഴിഞ്ഞ തവണ അഞ്ചു ഡിവിഷനുകളിലാണ് എല്‍.ഡി.എഫിന് വിജയിക്കാനായത്. എനാത്ത്, കൊടുമണ്‍, മല്ലപ്പള്ളി, പള്ളിക്കല്‍, റാന്നി ഡിവിഷനുകളിലാണ് മുന്‍ പ്രാവശ്യം എല്‍.ഡി.എഫ്. ജയം നേടിയത്. മുന്നണിയുടെ പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ 21-നും ബൂത്തുതല കണ്‍വന്‍ഷനുകള്‍ 25-നും പൂര്‍ത്തിയാകും.