പത്തനംതിട്ട: ആഞ്ഞടിച്ച ഇടത് തിരമാലയില്‍ ജില്ലാ പഞ്ചായത്തും യു.ഡി.എഫിനെ 'കൈ'വിട്ടു. തീവ്രമായ പോരാട്ടത്തിനുശേഷം തുറമുഖമണയുന്ന കപ്പലെന്നോണം എല്‍.ഡി.എഫ്. വിജയതീരത്ത് നങ്കൂരമിട്ടു. ഇടതുപടയോട്ടത്തില്‍ വലതുമുന്നണിക്ക് കൈയിലുള്ള ഡിവിഷനുകളും നഷ്ടമായി. ഒരു പതിറ്റാണ്ടിനുശേഷമാണ് ജില്ലാ പഞ്ചായത്ത് ഭരണം ഇടതുമുന്നണി തിരിച്ചുപിടിക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയത് അഞ്ചു സീറ്റുകള്‍ മാത്രമാണെങ്കില്‍ ഇക്കുറി എല്‍.ഡി.എഫിന്റെ നേട്ടം 16-ല്‍ പന്ത്രണ്ട് ഡിവിഷനുകളാണ്. പതിനൊന്ന് സീറ്റില്‍ നിന്ന് കേവലം നാലു സീറ്റിലേക്ക് യു.ഡി.എഫ്. പ്രതീക്ഷ കെട്ടടങ്ങി.

വന്‍മരക്കാട് പോലെയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ്. ആധിപത്യം. ജില്ലയില്‍ പരന്പരാഗതമായി ലഭിച്ചിരുന്ന പിന്തുണയായിരുന്നു ഈ മേധാവിത്വത്തിന് കനമേകിയത്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥിത്വത്തിലുള്‍പ്പെടെ തന്ത്രപൂര്‍വമായ സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചത്.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെ ഉള്‍പ്പെടെ കളത്തിലിറക്കി. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയങ്ങളുടെ തുടര്‍ക്കഥ ഇനി ആവര്‍ത്തിക്കരുതെന്നുറപ്പിച്ചുള്ളതായിരുന്നു മറ്റു ഡിവിഷനുകളിലെയും സ്ഥാനാര്‍ഥി നിര്‍ണയം. പരിചയസന്പത്തും യുവത്വവും ചേരുവയായപ്പോള്‍ പ്രചാരണത്തിലും ഉശിരേറി. സംഘടനാശേഷി പൂര്‍ണമായി വിനിയോഗിച്ചാല്‍ യു.ഡി.എഫ്. കോട്ടകള്‍ ആടിയുലയുമെന്ന് തിരിച്ചറിഞ്ഞ മുന്നണിനേതൃത്വം ഈ വഴിക്കുതന്നെ നീങ്ങി. ഇടതു ശക്തികേന്ദ്രങ്ങളായ പള്ളിക്കലും െകാടുമണും പുറമേ യു.ഡി.എഫിന്റെ തട്ടകങ്ങളായ ആനിക്കാടും കോഴഞ്ചേരിയിലും കോയിപ്രത്തുമുള്‍പ്പെടെ എല്‍.ഡി.എഫ്. വെന്നിക്കൊടി നാട്ടി.

റാന്നി, ഇലന്തൂര്‍, ചിറ്റാര്‍, മലയാലപ്പുഴ, കുളനട, പുളിക്കീഴ്, മല്ലപ്പള്ളി ഡിവിഷനുകളിലും ഇടതുമുന്നണിക്കാണ് വിജയം. ഇതില്‍ ആനിക്കാട്, കോഴഞ്ചേരി, കോയിപ്രം, ഇലന്തൂര്‍, ചിറ്റാര്‍, മലയാലപ്പുഴ, കുളനട, പുളിക്കീഴ് ഡിവിഷനുകള്‍ യു.ഡി.എഫില്‍ നിന്ന് ഇത്തവണ പിടിച്ചെടുത്തതാണ്. പതിനാല് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് കിട്ടിയത് നാലു സീറ്റ് മാത്രം. ഇത്ര കനത്ത തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.

കുളനടയിലും കോയിപ്രത്തും വിജയപ്രതീക്ഷവെച്ചിരുന്ന ബി.ജെ.പി.ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ത്രികോണമത്സരം നടന്ന കുളനടയില്‍ ഇടതുസ്ഥാനാര്‍ഥി അജയകുമാര്‍ വിജയിച്ചു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കൂടിയായ അശോകന്‍ കുളനടയായിരുന്നു ഇവിടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി.

തല്‍സ്ഥിതി എന്ന ഫോര്‍മുല ഉയര്‍ത്തിയാണ് സീറ്റ് വിഭജനമെന്ന കടമ്പ ജില്ലാ പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ.യും മറികടന്നത്. സി.പി.എം. പത്ത് സീറ്റിലും സി.പി.ഐ. മൂന്ന് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം രണ്ടിടത്തും ജനതാദള്‍ എസ് ഒന്നിലും മത്സരിച്ചു.

യു.ഡി.എഫ്. അപ്രസക്തമായി- സി.പി.എം.

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍.ഡി.എഫിന് വന്‍ വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച തരംഗത്തില്‍ യു.ഡി.എഫ്. അപ്രസക്തമായി. ജില്ലാ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം സീറ്റുകളും എല്‍.ഡി.എഫ്. പിടിച്ചെടുത്തു. ഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും ഭരണം മുന്നണി നേടി. വിഷലിപ്തമായ അപവാദങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച എതിര്‍മുന്നണികളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.

പരാജയം അംഗീകരിക്കുന്നു- കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ്. തോല്‍വി അംഗീകരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരേയുള്ള പ്രചാരണം കൃത്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പലയിടങ്ങളിലും കഴിഞ്ഞില്ല. ഇത് പരാജയത്തിന് പ്രധാന കാരണമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

മികവ് കാട്ടാനായി-ബി.ജെ.പി.

പത്തനംതിട്ട: പന്തളം നഗരസഭയില്‍ ചരിത്ര വിജയം നേടാനായത് അഭിമാനകരമായ നേട്ടമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട. ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ കൂടുതല്‍ മികവ് കാട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള തരത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി.