അടൂര്‍: ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുതുമലയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ബാബു ജോണിന്റെ പ്രചാരണം തീര്‍ത്തും പ്രകൃതിസൗഹൃദമാണ്. എഴുത്തുകാരനും എം.ജി.സര്‍വകലാശാലയിലെ മുന്‍ സെക്ഷന്‍ ഓഫീസറുമായ ബാബു ജോണിന്റെ പ്രചാരണത്തിന് ഫ്‌ളക്‌സോ പോസ്റ്ററുകളോ ചുവരെഴുത്തോ ഇല്ല. ഇതിനായി അഭ്യര്‍ഥന മാത്രമാണ് ഉപയോഗിക്കുന്നത്. ചായക്കടയിലെ സൗഹൃദസദസ്സിലും വഴിയില്‍ കണ്ടുമുട്ടുന്നവരുടെ അടുത്തും നേരിട്ടെത്തി വോട്ട് അഭ്യര്‍ഥിക്കുന്നതാണ് രീതി. കോവിഡ് മാനദണ്ഡപ്രകാരം ഒറ്റയ്ക്ക്. 'തിരഞ്ഞെടുപ്പ് വരും പോകും. അതിന്റെ പേരില്‍ മനുഷ്യനും പ്രകൃതിക്കും ദോഷകരമാകുന്നത് ഒന്നുംചെയ്യാന്‍ പാടില്ല. അതുകൊണ്ടാണ് പോസ്റ്ററും ഫ്‌ളക്‌സും അടിക്കാഞ്ഞത്'-ബാബു ജോണ്‍ പറയുന്നു.

യു.ഡി.എഫിലെ ജോസഫ്, എന്‍.ഡി.എ.യിലെ രജികുമാര്‍, സ്വതന്ത്രനായി എം.ജി.വാസുദേവന്‍ എന്നിവരും മത്സരത്തിന് ചൂടുപകര്‍ന്ന് രംഗത്തുണ്ട്.