ഏനാത്ത് (അടൂര്‍): പ്രായത്തിന്റെ അവശതയില്‍ അല്‍പ്പം കുറുമ്പും പിടി വാശിയുമൊക്കെ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ആവേശം കൊള്ളുന്ന ഒരു മുത്തശ്ശിയുണ്ടിവിടെ.

കേരളത്തിലെ ആദ്യകാല ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പു ഓര്‍മകളുമായി കഴിയുന്ന ഏനാത്ത് കീരത്തില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് ആ മുത്തശ്ശി. വീട്ടുകാര്‍ പറയുന്നത് മുത്തശ്ശിക്ക് പ്രായം 111-നു മുകളില്‍ ആയി എന്നാണ്. പക്ഷേ, രേഖകളില്‍ നൂറിന് അടുപ്പിച്ചാണ് കാണിക്കുന്നതെന്നും ഇവര്‍ പറയുന്നു. പ്രായം എന്തായാലും ഇപ്പോള്‍ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്മിക്കുട്ടിയമ്മ. ഒരോ കാലഘട്ടത്തിലും വന്ന തിരഞ്ഞെടുപ്പിന്റെ മാറ്റങ്ങള്‍ എത്രയോ കണ്ടുകഴിഞ്ഞു ഈ മുത്തശ്ശി. തിരഞ്ഞെടുപ്പിനെപ്പറ്റി അറിയാത്ത കാലത്ത് റേഡിയോയില്‍ കൂടി വോട്ടു വിദ്യാഭ്യാസ പരിപാടി നടന്നിരുന്നു.

അങ്ങനെ തിരഞ്ഞെടുപ്പ് എന്താണ് എന്ന് മനസ്സിലാക്കി. ആദ്യമായി വോട്ടു ചെയ്യാന്‍ പോയപ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞ ചിഹ്നത്തിലാണ് കുത്തിയതെന്ന് അമ്മ പണ്ട് പറഞ്ഞിരുന്നതായി മകന്‍ കീരത്തില്‍ ദിവാകരന്‍ പിള്ള പറയുന്നു.

രാഷ്ട്രീയം പറയാന്‍ ഏറെ ഇഷ്ടമായിരുന്ന കുട്ടിയമ്മയുടെ മനസ്സില്‍ അക്കാലത്തെ സ്ത്രീകളുടെ ആവേശമായിരുന്ന ഇന്ദിരാഗാന്ധിക്കാണ് മുഖ്യസ്ഥാനം. ഒരിക്കല്‍ ഏനാത്ത്‌ െവച്ച് നേരില്‍ കണ്ടിട്ടുമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടുചെയ്ത മുത്തശ്ശിക്ക് ഇപ്പോള്‍ ശാരീക അവശത ഏറെയുണ്ട്. പക്ഷേ വോട്ടുചെയ്യാന്‍ പോകുന്നോ എന്നു ചോദിച്ചാല്‍ ചെറുപുഞ്ചിരിയോടെ പറയും പോകണമെന്ന്. ഇന്നത്തെ തലമുറ കാണേണ്ടതും മാതൃക ആക്കേണ്ടതും ഇതു തന്നെയാണ്. വോട്ട് ഒരുജനതയുടെ അവകാശമാണ്. അത് രേഖപ്പെടുത്തുക തന്നെ ചെയ്യണം. ഇതാണ് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നത്. അത്രയ്ക്ക് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പു പ്രക്രിയയെ ഇഷ്ടപ്പെടുന്നു ഈ മുത്തശ്ശി.