പന്തളം: ജനപ്രതിനിധിയായെന്നു കരുതി ജീവിതമാര്‍ഗം ഉപേക്ഷിക്കാന്‍ സന്തോഷ് തയ്യാറല്ല. രാവിലെ കാക്കി ഉടുപ്പിട്ട് കുളനടയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന സന്തോഷ് കാക്കിയൂരി പഞ്ചായത്തിലെത്തിയാല്‍ ജനങ്ങളുടെ പ്രതിനിധിയാകും. മൂന്നാം തവണ കുളനട പഞ്ചായത്തില്‍ ജനവിധി തേടുകയാണ് കൈപ്പുഴ വടക്ക് മാവുനില്‍ക്കുന്നതില്‍ സന്തോഷ് ഭവനില്‍ സന്തോഷെന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍. അഞ്ചുവര്‍ഷം വിദേശത്ത് ജോലിനോക്കിയശേഷം നാട്ടിലെത്തിയ സന്തോഷ് ഉപജീവനമാര്‍ഗത്തിനായിട്ടാണ് ഓട്ടോറിക്ഷ വാങ്ങിയത്. 12 വര്‍ഷമായി കുളനട കവലയില്‍ വാഹനം ഓടിക്കുന്നു. ഇതിനിടയിലാണ് 2010-ലെ തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡായ കടലിക്കുന്നില്‍ നിന്ന് ബി.ജെ.പി. സ്വതന്ത്രനായി മത്സരിച്ച് സന്തോഷ് ആദ്യമായി കുളനട പഞ്ചായത്തംഗമായത്. 2015-ല്‍ പാണില്‍ ഏഴാം വാര്‍ഡില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ പഴയ തട്ടകത്തിലേക്കുതന്നെ തിരിച്ചുപോയി അഞ്ചാം വാര്‍ഡില്‍ ജനങ്ങളുടെ അംഗീകാരം നേടാനൊരുങ്ങുകയാണ്.

പാണില്‍-രാമന്‍ചിറ റോഡിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കോടതി കയറിയതോടെയാണ് ശ്രദ്ധേയനായത്. 42 ദിവസത്തിനുള്ളില്‍ റോഡ് നന്നാക്കിനല്‍കണമെന്ന് കോടതി ഉത്തരവിറക്കി. പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ സന്തോഷ് ബി.ജെ.പി.യില്‍ എത്തി. കുറച്ചുനാളിനകം പഞ്ചായത്തംഗവുമായി. ജീവിതമാര്‍ഗത്തിനായി പഴയ തൊഴില്‍ തന്നെ തുടര്‍ന്നു.