കോഴഞ്ചേരി: ജില്ലാപഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനില്‍ പോരാട്ടം കടുപ്പിച്ച് മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും രംഗത്ത്. കാല്‍ നൂറ്റാണ്ടായി യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച ഡിവിഷനാണ് കോഴഞ്ചേരി. 1995-ല്‍ നടന്ന പ്രഥമ ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ എലിസബത്ത് റോയി വിജയിച്ചു. 2000-ലും 2005-ലും കോണ്‍ഗ്രസിലെ കെ.കെ.റോയിസണ്‍ വിജയിച്ചു. 2010-ല്‍ പട്ടികജാതി വനിതാ സംവരണമായ ഡിവിഷനില്‍ കോണ്‍ഗ്രസിലെ കെ.ജി.അനിത വിജയിച്ചു.

kozhanchery2015-ല്‍ കോണ്‍ഗ്രസിലെ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരും വിജയിച്ചു. ജില്ലാ പഞ്ചായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഡിവിഷനാണ് കോഴഞ്ചേരി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി റോയിസണും, വൈസ് പ്രസിഡന്റുമാരായി അനിതയ്ക്കും ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ ഡിവിഷന്‍. കോഴഞ്ചേരി ജില്ലാ ആശുപത്രി, ആയുര്‍വേദ ജില്ലാ ആശുപത്രി, പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് തുടങിയവയെല്ലാം ഈ ഡിവിഷനുള്ളിലാണ്.

ജില്ലാപഞ്ചായത്തിലെ മത്സരത്തില്‍ കന്നിക്കാരായ വനിതകളാണ് മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍. മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും, പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും, എന്‍.ഡി.എ.യും കടുത്ത പരിശ്രമത്തിലാണ്.

കോണ്‍ഗ്രസിലെ മോളി ബാബു, ജനതാദള്‍(എസ്)-ലെ സാറാ തോമസ്, ബി.ഡി.ജെ.എസ്.-ലെ ഓമന ദിവാകരന്‍ എന്നിവരാണ് മത്സരിക്കുന്നത്.

തോട്ടപ്പുഴശേരി, അയിരൂര്‍ പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ വീതവും, അയിരൂര്‍ പഞ്ചായത്തിലെ 16 വാര്‍ഡും, എഴുമറ്റൂര്‍ പഞ്ചായത്തിലെ 11, അഞ്ച്, ആറ്, ഏഴ്, ചെറുകോല്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 12, 13 വാര്‍ഡുകള്‍, കോയിപ്രം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് എന്നിവ ചേര്‍ന്ന് 51 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് കോഴഞ്ചേരി ഡിവിഷന്‍.

2005, 2010 കാലത്ത് അയിരൂര്‍ പഞ്ചായത്തംഗം, 2015-ല്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ എന്നീ നിലകളിലെ പ്രവര്‍ത്തന പരിചയവുമായാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി മോളി ബാബു എത്തിയിരിക്കുന്നത്.

മഹിളാ കോണ്‍ഗ്രസ് അയിരൂര്‍ മണ്ഡലം പ്രസിഡന്റായ മോളി ബാബു സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവക സേവികാസംഘം ഖജാന്‍ജിയായിരുന്നു. അയിരൂര്‍ പകലോമറ്റം കുടുംബാംഗമാണ്. മലങ്കര മാര്‍ത്തോമ്മാ സഭയുടെ നവീകരണത്തിന്റെ ഈറ്റില്ലമായ മാരാമണ്‍ പാലക്കുന്നത്ത് തറവാട്ടംഗമായ സാറാ തോമസ് കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ടി.ടി.ഐ. വിജയിച്ച ശേഷം മാരാമണ്‍ എ.എം.എം. ടി.ടി.ഐ. അധ്യാപികയായി പ്രവര്‍ത്തിക്കുന്നു. വൊക്കേഷന്‍ ടീച്ചേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന്റെ റിസോഴ്‌സ് പേഴ്‌സണാണ്.

ത്രിതല തിരഞ്ഞെടുപ്പില്‍ കന്നിയങ്കമാണ് സാറായുടേത്. ഇടയാറന്മുള സൂര്യ ഭവന്‍ കുടുംബാംഗമായ ഓമന ദിവാകരന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കന്നി അങ്കത്തിന് ഇറങ്ങുന്നത്ത്.

കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍നിന്ന് ബിരുദവും റായിപൂര്‍ രവിശങ്കര്‍ സര്‍വകലാശായില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഓമന ഛത്തീസ്ഗഢിലെ പൊതുമേഖലാ സ്ഥാപനത്തില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ ശേഷം എസ്.എന്‍.ഡി.പി. വനിതാ സംഘം കോഴഞ്ചേരി യൂണിറ്റ് കമ്മിറ്റിയംഗം, ഇടയാറന്മുള ശാഖ വനിതാ സംഘം യൂണിയന്‍ കമ്മിറ്റിയംഗം, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.