കോന്നി: 41 വർഷം മുമ്പ് നടന്ന നാത്തൂൻപോരിന്റെ ഓർമകൾ അയവിറക്കുന്ന ഒരു വാർഡാണ് കോന്നി പഞ്ചായത്തിലെ കോന്നിതാഴം.

16 വർഷങ്ങൾക്കുശേഷം 1979-ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ആറാം വാർഡായിരുന്ന കോന്നിതാഴം വനിതാ സംവരണമായി. കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു അന്ന് കോന്നി പഞ്ചായത്ത്. കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിപ്പറമ്പിൽ ബിന്ദു വിഹാറിൽ ഡി.ഇന്ദിരാദേവിയമ്മയെ നിർത്തി. ഇവരെ സ്ഥാനാർഥിയാക്കിയതിൽ ചില കോൺഗ്രസുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. സി.പി.എമ്മിന്റെ സ്ഥാനാർഥിയായി പയ്യനാമൺ വിളറുകാലായിൽ മൗസം വീട്ടിൽ സുശീല മോഹൻദാസിനെയും പ്രഖ്യാപിച്ചു. സി.പി.എം. അനുഭാവികളുടെയിടയിൽ ഒരുവിഭാഗം ഇതിനെ അനുകൂലിച്ചില്ല. സുശീലയുടെ ഭർതൃസഹോദരി സരോജനിയമ്മയെ സ്ഥാനാർഥിയാക്കി സി.പി.ഐ.യും രംഗത്തിറങ്ങി. ഇന്ദിരാദേവിയും സരോജനിയമ്മയും സുശീലയും ഒരു കുടുംബത്തിൽപ്പെട്ടവരും ബന്ധുത്വംകൊണ്ട് പരസ്പരം നാത്തൂൻസ്ഥാനത്ത് വരുന്നവരുമായിരുന്നു.

കോൺഗ്രസിലെയും സി.പി.എമ്മിലെയും ചിലർ ചേർന്ന് കോന്നിതാഴം കിഴക്കേമഠത്തിൽ പി.ആർ.അമ്മുക്കുട്ടിയമ്മയെ സ്ഥാനാർഥിയാക്കി. കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയായി കാർമല വൈക്കത്ത് എസ്റ്റേറ്റിൽ സുബി സക്കറിയയും മത്സരിച്ചു. ഫലം വന്നപ്പോൾ സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച അമ്മുക്കുട്ടിയമ്മ വിജയിച്ചു. കുരുവി ചിഹ്നമായിരുന്നു സുബി സക്കറിയയ്ക്ക്. അന്നത്തെ കോന്നിതാഴം വാർഡ് വിശാലമായിരുന്നു. മുരിംഗമംഗലം, ആനകുത്തി, വട്ടമൺ, പെരിഞ്ഞൊട്ടക്കൽ, ഇരുപതേക്കർ, കുപ്പക്കര, ആനക്കൽ എന്നിവ ഉൾപ്പെട്ടതായിരുന്നു വാർഡ്. 2000-ത്തോളം വരുമായിരുന്നു വോട്ടർമാർ. ഇന്നത്തെപ്പോലെ പ്രചാരണബഹളങ്ങളില്ലായിരുന്നു അന്ന്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഇന്ദിരാദേവി 84-ാം വയസ്സിലും ഓർത്തെടുക്കുന്നു.

രാവിലെമുതൽ വൈകുന്നേരംവരെ നീളുന്ന വീടുകയറ്റമാണ് പ്രധാനം. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ഇവരുടെ അച്ഛൻ തിരുവനന്തപുരത്ത് മരിച്ചു. പ്രചാരണം നിർത്തി അവിടേക്ക് പോകേണ്ടിയും വന്നു. പ്രചാരണത്തിന് പണത്തിന്റെ കൊഴുപ്പില്ലായിരുന്നു. 12 വോട്ടിനാണ് താൻ തോറ്റതെന്ന് ഇന്ദിരാദേവി പറഞ്ഞു. ആനയായിരുന്നു ചിഹ്നം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലായിരുന്നു വോട്ടെണ്ണൽ. ഫലം അറിയണമെങ്കിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് കോന്നിതാഴത്ത് ആരെങ്കിലും എത്തണമായിരുന്നു. വിജയമാഘോഷിച്ച ചിലർ വീട്ടുപടിക്കൽ വന്ന് മുദ്രാവാക്യം വിളിച്ചതായും ഇന്ദിരാമ്മ പറഞ്ഞു. സി.പി.എം. സ്വതന്ത്രയായി മയിൽ ചിഹ്നത്തിലാണ് സുശീലാദേവി മത്സരിച്ചത്. വള്ളിക്കോട് കോട്ടയത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ഒ.എൻ.കുമാരന്റെ ബന്ധുവാണ് സുശീല. ചെറുപ്പംമുതലേ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരാണ്. ചുവരെഴുത്തും വെള്ളപ്പേപ്പറിൽ മഷികൊണ്ടെഴുതിയ പോസ്റ്ററുമായിരുന്നു പ്രചാരണസാധനങ്ങൾ. തോറ്റെങ്കിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടില്ല.

സുശീലയുടെ നാത്തൂൻ പെരിഞ്ഞൊട്ടക്കൽ ബീന ഭവനിൽ സരോജനിയമ്മയെ മത്സരിപ്പിക്കാൻ മുൻകൈയെടുത്തത് അന്നത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന സരോജനിയമ്മയുടെ ഭർത്താവ് സോമസുന്ദരൻപിള്ളയായിരുന്നു. സുശീലയെ സ്ഥാനാർഥിയാക്കുന്നത് സി.പി.ഐ.യോട് ആലോചിച്ചില്ല എന്നുള്ളതായിരുന്നു പരാതി. തിരഞ്ഞെടുപ്പിനുശേഷം ഇതേച്ചൊല്ലി സംസാരം ഉണ്ടായിട്ടില്ലെന്ന് സുശീല പറഞ്ഞു. പി.ആർ.അമ്മുക്കുട്ടിയമ്മ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെയായി. പി.ആർ.അമ്മുക്കുട്ടിയമ്മ, സരോജനിയമ്മ എന്നിവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. പഴയ കോന്നിതാഴം വാർഡ് ഇന്നില്ല. മുരിങ്ങമംഗലം, പെരിഞ്ഞൊട്ടക്കൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. 79-ലെ ഇവരുടെ മത്സരം നാത്തൂൻപോരായി 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു.