കോന്നി: ജില്ലാ പഞ്ചായത്തിലെ പട്ടികജാതി സംവരണ ഡിവിഷന്‍ ആയ കോന്നി പിടിച്ചടക്കാന്‍ മുന്നണികള്‍ അഭിമാന പോരാട്ടത്തിലാണ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും വിജയം സമ്മാനിച്ച ഡിവിഷന്‍ ആണ് കോന്നി.

അഞ്ചുവര്‍ഷം കോന്നി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോന്നിയൂര്‍ പി.കെ. യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫ്. സ്വതന്ത്രനായി കോന്നിയില്‍ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

konniകോണ്‍ഗ്രസ് പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം അജോമോനെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി. കൂടല്‍ മേഖലാ സെക്രട്ടറി വട്ടമല ശശിയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. മൂന്നുപേരും പഞ്ചായത്ത് ഭരണത്തില്‍ പങ്കാളികള്‍ ആയിരുന്നവരാണ്.

കോന്നി ഗ്രാമപ്പഞ്ചായത്തിലെ പത്ത് വാര്‍ഡുകളും കലഞ്ഞൂര്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളും അരുവാപ്പുലത്തെ 11 വാര്‍ഡുകളും പ്രമാടം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളുമാണ് ഡിവിഷനിലുള്ളത്. ആകെ 40 വാര്‍ഡുകള്‍.

യു.ഡി.എഫിലെ മാത്യു കുളത്തുങ്കല്‍, ഹരിദാസ് ഇടത്തിട്ട, ബിനിലാല്‍, സി.പി.ഐ.യിലെ എം.പി.മണിയമ്മ എന്നിവര്‍ ഓരോതവണ കോന്നി ഡിവിഷനില്‍നിന്ന് ജയിച്ചിട്ടുണ്ട്. എല്‍.ഡി.എഫിനും യു.ഡി.എഫിനും വേരോട്ടമുള്ള വാര്‍ഡുകളാണ്. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ കോന്നിയൂര്‍ പി.കെ. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് മുഖ്യമായും എടുത്തുകാട്ടുന്നത്.സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി, പട്ടികജാതിവര്‍ഗ കോ-ഓര്‍ഡിനേഷന്‍ സമിതി അംഗം, പട്ടികജാതി വികസന വകുപ്പ് ഉപദേശക സമിതി അംഗം, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.ടി. അജോമോന്‍ പറക്കോട് ബ്ലോക്കിലെ കലഞ്ഞൂര്‍ ഡിവിഷന്‍ അംഗമായിരുന്നു. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്. കെ.എസ്.യു. താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കോന്നി മണ്ഡലം സെക്രട്ടറി, പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി. ഐ.ടി. കണ്‍വീനര്‍, കെ.പി.എം.എസ്. യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ബി.ജെ.പി. സ്ഥാനാര്‍ഥി വട്ടമല ശശി കൂടല്‍ മേഖല സെക്രട്ടറിയാണ്. കലഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്‍പതാംവാര്‍ഡ് അംഗമായിരുന്നു.