റാന്നി: അങ്ങാടി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് യു.ഡി.എഫ്. ഇത്തവണ വിജയമുറപ്പിക്കുമെന്ന വാശിയോടെ എല്‍.ഡി.എഫ്. താമര വിരിയിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ എന്‍.ഡി.എ.യും. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ജില്ലാ പഞ്ചായത്ത് അങ്ങാടി ഡിവിഷനില്‍ പോരാട്ടം കത്തിക്കയറുകയാണ്.

angadiമഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്ന ജെസി അലക്സിനെയാണ് കോട്ട നിലനിര്‍ത്താന്‍ യു.ഡി.എഫ്. രംഗത്തിറക്കിയത്. പഴവങ്ങാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പഴവങ്ങാടി മേഖലാ പ്രസിഡന്റുമായ പൊന്നി തോമസിനെയാണ് അങ്ങാടി പിടിച്ചെടുക്കാന്‍ എല്‍.ഡിഎഫ്. സ്ഥാനാര്‍ഥിയാക്കിയത്. ബി.ജെ.പി. ജില്ലാ സെക്രട്ടറി ജയശ്രീ ഗോപിയെയാണ് താമര വിരിയിക്കുന്നതിനായി ബി.ജെ.പി. നിയോഗിച്ചത്.

അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകള്‍ പൂര്‍ണമായും ഈ ഡിവിഷനില്‍ ഉള്‍പ്പെടുന്നു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ എട്ട് വാര്‍ഡുകളും നാറാണംമൂഴിയിലെ 12 വാര്‍ഡുകളും കൂടി ചേരുന്നതാണ് അങ്ങാടി ഡിവിഷന്‍. കഴിഞ്ഞ നാല് തവണയും യു.ഡി.എഫിനായിരുന്നു ഇവിടെ വിജയം. അതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം ലഭിച്ചത് ഏറെ നേട്ടമാണെന്നും ഇക്കുറി ജില്ലാ ഡിവിഷനിലും അത് പ്രതിഫലിക്കുമെന്നുമാണ് ഇടതുമുന്നണി നേതാക്കളുടെ പ്രതീക്ഷ. തിളക്കമേറിയ നേട്ടമാണ് ബി.ജെ.പി.യും അവകാശപ്പെടുന്നത്. സ്വതന്ത്രയും മത്സരരംഗത്തുണ്ട്.

റാന്നി നെല്ലിക്കമണ്‍ തൈക്കൂട്ടത്തില്‍ അലക്സിന്റെ ഭാര്യയാണ് ജെസി അലക്സ്(56). ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂളിലെ റിട്ട. അധ്യാപികയാണ്. മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. എഴുമറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, അങ്ങാടി സഹകരണബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2010-15-ലാണ് റാന്നി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പഴവങ്ങാടി മണക്കാലംപള്ളില്‍ തോമസ് ഫിലിപ്പിന്റെ ഭാര്യയാണ് പൊന്നി തോമസ്(57). 201520ല്‍ പഴവങ്ങാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു. മാര്‍ത്തോമ്മാ സഭ ഭദ്രാസന കൗണ്‍സില്‍ മുന്‍ അംഗമാണ്. മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ഗവേണിങ് ബോര്‍ഡംഗം, മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍ പഴവങ്ങാടി മേഖലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അയിരൂര്‍ നോര്‍ത്ത് കാവില്‍ കെ.എന്‍.ഗോപിയുടെ ഭാര്യയാണ് ജയശ്രീ ഗോപി(55). സാമൂഹികപ്രവര്‍ത്തകയായ ജയശ്രീ കഴിഞ്ഞ അഞ്ച് വര്‍ഷം ബി.ജെ.പി. റാന്നി മണ്ഡലം സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജില്ലാ സെക്രട്ടറിയാണ്. അയിരൂര്‍ വൈസ്മെനറ്റിസ് ക്ലബ്ബ് പ്രസിഡന്റാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇത് കന്നിയങ്കമാണ്.

കഴിഞ്ഞ തവണത്തെ വോട്ടുനില

ഭൂരിപക്ഷം-7647. എം.ജി.കണ്ണന്‍(യു.ഡി.എഫ്.)17971. ജയദാസ്(എല്‍.ഡി.എഫ്)-10324. മന്ദിരം രവീന്ദ്രന്‍(ബി.ജെ.പി.) 5222. ചന്ദ്രബോസ് (സ്വത.) 1579. എ.കെ.ലാലു(സ്വത.) 1579. നിര്‍മല രാജീവ്(സ്വത.) 235. എം.സി.ജയലാല്‍(സ്വത.) 230. അസാധു-86