പള്ളിക്കല്‍: ജില്ലാപഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ ദീര്‍ഘമായ രാഷ്ടീയ പ്രവര്‍ത്തനപരിചയമുള്ള വനിതകളാണ് മൂന്ന് മുന്നണികള്‍ക്കുംവേണ്ടി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

എല്‍.ഡി.എഫിന് പൊതുവെ മേധാവിത്വം ഉള്ള ഡിവിഷനാണ് പള്ളിക്കല്‍. കഴിഞ്ഞ രണ്ടു തവണയും എല്‍.ഡി.എഫിനായിരുന്നു വിജയം. ഇത് നിലനിര്‍ത്താനാണ് എല്‍.ഡി.എഫ്. ശ്രമം. ശ്രീനദേവിക്കുഞ്ഞമ്മയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം സുധാക്കുറുപ്പിനെയാണ് ഡിവിഷന്‍ തിരികെ പിടിക്കാന്‍ യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്.

ജി.ശ്രീകുമാരിയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. എ.ഐ.വൈ.എഫ് പ്രവര്‍ത്തകയായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ശ്രീനദേവിക്കുഞ്ഞമ്മയുടെ തുടക്കം. എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയംഗം, മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗം, വനിത-കല-യുവകല സാഹിതിയുടെ ജില്ലാ കമ്മിറ്റിയംഗം, എന്‍.എഫ്.ഐ.ഡബ്ല്യു.യങ് വിമന്‍സ് ഫോറം ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകകൂടിയാണ് ശ്രീനദേവിക്കുഞ്ഞമ്മ.

pallikkalമഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിട്ടാണ് റിട്ട.അധ്യാപികയായ സുധാക്കുറുപ്പ് പൊതുരംഗത്തേക്ക് വരുന്നത്. പള്ളിക്കല്‍ വനിതാ സഹകരണ സംഘം പ്രസിഡന്റ്, മഹിളാ കോണ്‍. അടൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പള്ളിക്കല്‍ ഡിവിഷനില്‍നിന്ന് മത്സരിച്ച് ജില്ലാപഞ്ചായത്തംഗം ആയിട്ടുണ്ട്. നിലവില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് വനിതാ ഫോറം ജില്ലാ പ്രസിഡന്റ്, ജയ് ഹിന്ദ് പൗരാവകാശ സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എന്‍.ഡി.എ.സ്ഥാനാര്‍ഥി ജി.ശ്രീകുമാരി മഹിളാ മോര്‍ച്ചയുടെ പ്രവര്‍ത്തകയായിട്ടാണ് പൊതുരംഗത്തേക്ക് എത്തുന്നത്. മഹിളാ മോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറിയായി വളരെക്കാലം പ്രവര്‍ത്തിച്ചു. നിലവില്‍ ബി.ജെ.പി. മണ്ഡലം സെക്രട്ടറിയാണ്. കടമ്പനാട്, പള്ളിക്കല്‍, ഏറത്തിന്റെ രണ്ട് വാര്‍ഡ്, പന്തളം തെക്കേക്കര, തുമ്പമണ്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളാണ് പള്ളിക്കല്‍ ഡിവിഷനില്‍ വരുന്നത്.