കുളനട(പത്തനംതിട്ട): രാഷ്ട്രീയത്തിലും പൊതു പ്രവര്‍ത്തനത്തിലും തഴക്കവും പഴക്കവും കൈമുതലായുള്ള വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന അങ്കത്തട്ടാണ് ജില്ലാ പഞ്ചായത്തിലെ കുളനട ഡിവിഷന്‍. ശരിക്കും ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങുമ്പോള്‍ പതിനെട്ടടവും പയറ്റാന്‍ മൂന്നുപേരും കച്ചകെട്ടി നില്‍ക്കുന്നു. കുളനട പഞ്ചായത്ത് മുന്‍പ്രസിഡന്റായ ജി.രഘുനാഥ് യു.ഡി.എഫിനുവേണ്ടി വോട്ടുതേടുമ്പോള്‍ ജില്ലാ പഞ്ചായത്തംഗവും ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന ആര്‍.അജയകുമാര്‍ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. ബി.ജെ.പി.ക്കുവേണ്ടി രംഗത്തുള്ളത് കുളനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ബി.ജെ.പി.യുടെ ജില്ലാ പ്രസിഡന്റുമായ അശോകന്‍ കുളനടയാണ്.

kulanada electionകുളനട, മെഴുവേലി, ആറന്മുള ഗ്രാമപ്പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്തിന്റെ കുളനട ഡിവിഷന്‍. ഇടതു വലതു മുന്നണികള്‍ക്ക് മാറി മാറി വഴങ്ങിക്കൊടുത്ത ഡിവിഷനാണിത്. 95-ല്‍ ജില്ലാപഞ്ചായത്ത് രൂപീകൃതമായപ്പോള്‍ പന്തളം ശിവന്‍കുട്ടി യു.ഡി.എഫില്‍ നിന്ന് വിജയിച്ചു. രണ്ടാംതവണയും അദ്ദേഹംതന്നെ കുളനടയുടെ സാരഥിയായി. 2005-ല്‍ അന്ന് ഇടതിനൊപ്പം നിന്ന ഡി.ഐ.സി.യില്‍ നിന്നു മത്സരിച്ച ആഷാബെന്‍ തിരഞ്ഞെടുക്കപ്പെട്ടു. 2010-ല്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച ഇപ്പോഴത്തെ സ്ഥാനാര്‍ഥി ആര്‍.അജയകുമാറായിരുന്നു വിജയിച്ചത്. 2015-ല്‍ കോണ്‍ഗ്രസിലെ വിനീതാ അനില്‍ ഇടതിന്റെ കൈയില്‍നിന്ന് ഡിവിഷനെ തിരിച്ചുപിടിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജി.രഘുനാഥ് പന്തളം എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ ലീഡറായാണ് തുടക്കം. പിന്നീട് എന്‍.എസ്.എസ്.കോളേജിന്റെ ചെയര്‍മാനായി. കെ.എസ്.യു. സംസ്ഥാന നിര്‍വാഹകസമിതിയംഗമായി പ്രവര്‍ത്തിച്ചു. രണ്ട് തവണ കുളനട ഗ്രാമപ്പഞ്ചായത്തംഗവും മൂന്നാംതവണ പ്രസിഡന്റുമായി. കോണ്‍ഗ്രസ് കുളനട മണ്ഡലം പ്രസിഡന്റും, ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായി. കലാ സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുന്നു.

എസ്.എഫ്.ഐ.യിലൂടെ രംഗപ്രവേശം ചെയ്ത ആര്‍.അജയകുമാര്‍ എസ്.എഫ്.ഐ. ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയംഗം, ഡി.വൈ.എഫ്. ഐ. കോഴഞ്ചേരി ഏരിയാ പ്രസിഡന്റ്, ജില്ലാ എക്‌സിക്യൂട്ടീവംഗം, സി.പി.എം. കിടങ്ങന്നൂര്‍ ലോക്കല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ സി.പി.എം. കോഴഞ്ചേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്. 2005 മുതല്‍ 2010 വരെ കുളനട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും 2010 മുതല്‍ 2015 വരെ ജില്ലാ പഞ്ചായത്തംഗവുമായി. ഡി.ടി.പി.സി. ജില്ലാ എക്‌സിക്യൂട്ടീവംഗം, ആറന്മുള വാസ്തു വിദ്യാഗുരുകുലം വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

86-ല്‍ ആര്‍.എസ്.എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ നേതാവാണ് അശോകന്‍ കുളനട. 96-ല്‍ യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി, തുടര്‍ന്ന് ബി.ജെ.പി.യുടെ ചുമതലകള്‍ വഹിച്ചു. നെഹ്രു യുവകേന്ദ്രയുടെ കേന്ദ്ര ഉപദേശക സമിതിയംഗമായി. 2005-ല്‍ കുളനട പഞ്ചായത്തംഗവും 2010-ല്‍ വൈസ് പ്രസിഡന്റും 15-ല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗവും പിന്നീട് പഞ്ചായത്ത് പ്രസിഡന്റുമായി. 2016-ല്‍ ബി.ജെ.പി.യുടെ ജില്ലാ അധ്യക്ഷനായി. എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റായും പ്രവര്‍ത്തിച്ചു.