കോഴഞ്ചേരി: യു.ഡി.എഫ്. കോട്ട എന്നറിയപ്പെടുന്ന ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷന്‍ ഇക്കുറി തീപാറുന്ന പോരാട്ടത്തിലാണ്. മൂന്ന് മുന്നണികളും ഏറെ ജനപ്രിയരെയാണ് ഇവിടെ സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി അനീഷ് വരിക്കണ്ണാമല, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജിജി മാത്യു, എന്‍.ഡി.എ. സ്ഥാനാര്‍ഥി അജയകുമാര്‍ വല്യുഴത്തില്‍ എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍.

ത്രിതല സംവിധാനം നിലവില്‍വന്ന 1995-മുതല്‍ ഒരുതവണ മാത്രമേ എല്‍.ഡി.എഫ്. വിജയിച്ചിട്ടുളളൂ. 1995-ല്‍ കോണ്‍ഗ്രസിലെ മേരി തോമസ് മാടോലില്‍ വിജയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2000-ല്‍ സി.പി.എമ്മിലെ അഡ്വ. കെ.അനന്തഗോപന്‍ വിജയിച്ച് ഡിവിഷന്‍ തിരികെ പിടിച്ചു. 2005-ല്‍ കോണ്‍ഗ്രസിലെ നിര്‍മലാ മാത്യൂസ് കൈവിട്ട ഡിവിഷന്‍ യു.ഡി.എഫ്. പക്ഷത്താക്കി. 2010-ല്‍ ഡോ. സജി ചാക്കോയും 2015-ല്‍ കോണ്‍ഗ്രസിലെ അന്നപൂര്‍ണാദേവിയും വിജയിച്ചു. മൂന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ സംഭാവനചെയ്ത മറ്റൊരു ഡിവിഷനില്ലെന്ന പ്രത്യേകതയും കോയിപ്രത്തിനുണ്ട്. ഇരവിപേരൂര്‍, പുറമറ്റം പഞ്ചായത്തുകള്‍, കോയിപ്രത്തെ വരയന്നൂര്‍ ഒഴികെയുളള വാര്‍ഡുകള്‍, തെള്ളിയൂര്‍ ബ്ലോക്ക് ഡിവിഷനിലെ മൂന്ന് വാര്‍ഡുകള്‍ ചേര്‍ന്നതാണ് 49-പഞ്ചായത്ത് വാര്‍ഡുകളുള്ള കോയിപ്രം ജില്ലാ ഡിവിഷന്‍.

കെ.എസ്.യു. പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച നിലവിലെ കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കെ.എസ്.യു. ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കൗണ്‍സിലംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങള്‍ വഹിച്ച അനീഷ്, നിലവില്‍ പുല്ലാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമാണ്. രണ്ടുപതിറ്റാണ്ടായി കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനായി എല്‍.ഡി.എഫ്. കളത്തിലിറക്കിയിരിക്കുന്ന ജിജി മാത്യു നിലവില്‍ സി.പി.എം. ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗമാണ്. പുറമറ്റം പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ്, കോയിപ്രം ബ്ലോക്ക് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരവിപേരൂര്‍ കാരുണ്യ പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി, കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം, പുറമറ്റം ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ട്രസ്റ്റി എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബിരുദാനന്തര ബിരുദധാരിയാണ്. ബി.ജെ.പി.ക്ക് ഒരു ജനറല്‍ വാര്‍ഡില്‍ ഗ്രാമതലത്തിന് മുകളില്‍ ചരിത്രപരമായ വിജയം നല്‍കാന്‍ കഴിഞ്ഞ സ്ഥാനാര്‍ഥിയാണ് അജയകുമാര്‍ വല്ലുഴത്തില്‍. 2015-ലെ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികളെയും അട്ടിമറിച്ച് 780 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്.

വ്യക്തിഗതമായി ആളുകള്‍ക്ക് നല്‍കിയ സഹായങ്ങളും ആനൂകൂല്യങ്ങളുമാണ് പ്രവാസിയും വ്യവസായിയുമായ അജയകുമാറിന്റെ വിജയത്തിന് 2015-ല്‍ മുഖ്യ പങ്കുവഹിച്ചത്. ജൈവകര്‍ഷകന്‍ എന്ന നിലയിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ അജയകുമാര്‍ നേടി. കേന്ദ്ര സര്‍ക്കാരിന്റെ കാമധേനു പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ ജൈവ വൈവിദ്ധ്യ പുരസ്‌കാരം തുടങ്ങി പലതരത്തിലുള്ള അംഗീകാരങ്ങള്‍ സാമൂഹിക രംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അജയകുമാറിന് ലഭിച്ചു. കര്‍ഷകമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റുകൂടിയാണ്.