കൊടുമണ്‍: കരുത്തരുടെ പോരാട്ടമാണ് ജില്ലാ പഞ്ചായത്തില്‍ കൊടുമണ്‍ ഡിവിഷനില്‍ അരങ്ങേറുന്നത്. എല്‍.ഡി.എഫിന്റെ ബീനപ്രഭയും യു.ഡി.എഫിന്റെ ലക്ഷ്മി അശോകും എന്‍.ഡി.എ.യുടെ അഡ്വ. അശ്വതി സുധാകറും തമ്മിലാണ് ഇവിടെ മത്സരം.

കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തിലെ 18 വാര്‍ഡുകളും ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ ഒമ്പത് വാര്‍ഡുകളും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിലെ 13 വാര്‍ഡുകളും കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നാല് വാര്‍ഡുകളും ചേര്‍ന്നതാണ് കൊടുമണ്‍ ഡിവിഷന്‍.

ഇരുമുന്നണികളും മാറിമാറി വിജയിച്ച പാരമ്പര്യമാണ് കൊടുമണ്‍ ഡിവിഷനുള്ളത്. 2010-ല്‍ യു.ഡി.എഫിലെ വിജയമ്മ വിജയിച്ചപ്പോള്‍ 2015-ല്‍ എല്‍.ഡി. എഫിലെ അഡ്വ. ആര്‍.ബി.രാജീവ് കുമാറാണ് വിജയിച്ചത്.

kodumon divisionഎല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ബീനാപ്രഭ 2005-2010 കാലയളവില്‍ കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് അംഗമായും 2015-2020 കാലയളവില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും പിന്നീട് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. സി.പി.എം. കൊടുമണ്‍ ഏരിയ കമ്മിറ്റി അംഗം, എ.ഐ.ഡി.ഡബ്ല്യു.എ. കൊടുമണ്‍ ഏരിയ സെക്രട്ടറി, എന്‍.ആര്‍.ജി.എ. വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ പ്രസിഡന്റ് എന്നീ നിലകളില്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അങ്ങാടിക്കല്‍ തെക്ക് സ്വദേശിനിയാണ്.

എം.ബി.എ. ബിരുദധാരിയായ ലക്ഷ്മി അശോക് കലഞ്ഞൂര്‍ സ്വദേശിനിയാണ്. കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. 2015 മുതല്‍ 2020 വരെ കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, ജനശക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.സി.സി. സോഷ്യല്‍ മീഡിയ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൊടുമണ്‍ ഡിവിഷന്‍ സീറ്റ് എന്‍.ഡി.എ. ബി.ഡി.ജെ.എസിന് നല്‍കിയിരിക്കുകയാണ്. അഡ്വ.അശ്വതി സുധാകറാണ് എന്‍.ഡി.എ.സ്ഥാനാര്‍ഥി. ബാലഗോകുലത്തിലൂടെ സംഘടനാ രംഗത്തെത്തിയ അശ്വതി സുധാകര്‍ ഏഴംകുളം സ്വദേശിനിയാണ്. കോഴിക്കോട് ഗവ. ലോ കോളേജിലെ അവസാന വര്‍ഷ എല്‍.എല്‍.എം. വിദ്യാര്‍ഥിനിയാണ്. എല്‍.എല്‍.ബി.പഠന കാലത്ത് കോളേജില്‍ എ.ബി.വി.പി. വനിതാ വിഭാഗം സെക്രട്ടറിയായിരുന്നു. ബാലഗോകുലം താലൂക്ക് ഭഗിനി പ്രമുഖ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.