ഏനാത്ത്: ആരോടും പ്രത്യേകിച്ച് മമത കാണിക്കാത്ത ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് ഏനാത്ത്. ഇരുമുന്നണികളും മാറിമാറി വിജയിക്കുന്ന ഡിവിഷന്‍ കഴിഞ്ഞ തവണ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ്. പിടിച്ചെടുത്തതാണ്. ഇത്തവണ സീറ്റ് നിലനിര്‍ത്താനായി എല്‍.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത് പി.ബി.ഹര്‍ഷകുമാറിനെയാണ്. മുമ്പ് നഷ്ടപ്പെട്ട ഡിവിഷന്‍ തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത് സി.കൃഷ്ണകുമാറിനെയാണ്. ഇരുമുന്നണികള്‍ക്കുമെതിരേ അഡ്വ. രാജു മണ്ണടിയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

enathuഎസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റായി നേതൃനിരയിലേക്ക് വന്ന പി.ബി.ഹര്‍ഷകുമാര്‍ ഡി.വൈ.എഫ്.ഐ.യിലൂടെ സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായി. 2000-ലും 2010-ലും പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. നിലവില്‍ അടൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ്, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍, മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ കൂടിയാണ് കൃഷ്ണകുമാറും പൊതുരംഗത്തെത്തിയത്. എന്‍.ഡി.പി.യുടെ വിദ്യാര്‍ഥി വിഭാഗമായിരുന്ന ഡി.എസ്.യു.വിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കോണ്‍ഗ്രസ് കടമ്പനാട്, മണ്ണടി കമ്മിറ്റിയുടെ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്നുതവണ കടമ്പനാട് ഗ്രാമപ്പഞ്ചായത്തംഗമായി. ഒരുതവണ വൈസ് പ്രസിഡന്റായി. മണ്ണടി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ചു.

അഭിഭാഷകനായ രാജു മണ്ണടി നിലവില്‍ ബി.ജെ.പി. ജില്ലാ സമിതിയംഗം, ഭാരതീയ അഭിഭാഷക മോര്‍ച്ച സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അടൂര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ഭാരതീയ വ്യാപാരി സംഘത്തിന്റെ ലീഗല്‍ സെല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അഭിഭാഷക പരിഷത്ത് സമിതിയില്‍നിന്ന് ഒഴിഞ്ഞു. കടമ്പനാട്, ഏറത്ത്, ഏഴംകുളം ഗ്രാമപ്പഞ്ചായത്തുകളും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിന്റെ രണ്ട് വാര്‍ഡുകളും അടങ്ങുന്നതാണ് ഏനാത്ത് ഡിവിഷന്‍.